കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിനായി ‘നിറവ് പച്ചക്കറി’ കൃഷി പദ്ധതിക്ക് ചെമ്മനത്തുകര ഗവൺമെന്റ് യു.പി. സ്‌കൂളിൽ തുടക്കം. സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തുതന്നെ ആദ്യമാണ് ബ്ലോക്ക് പഞ്ചായത്ത് മുൻ കൈയെടുത്തു കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി പച്ചക്കറി കൃഷി ആരംഭിക്കുന്നത്. കൃഷി വകുപ്പ്, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചാണു പദ്ധതി. ബ്ലോക്ക് തല സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മോണിറ്ററിങ് സമിതിക്കാണ് മേൽനോട്ട ചുമതല. വൈക്കത്തെ 17 സർക്കാർ എയ്ഡഡ് സ്‌കൂളുകളിലാണു പദ്ധതി നടപ്പാക്കുന്നത്.
വെണ്ട, പയർ, തക്കാളി, വഴുതന, പച്ചമുളക് എന്നിവയാണ് ആദ്യ ഘട്ടം കൃഷി ഇറക്കിയത്. സ്‌കൂൾ പി.ടി.എ, മദർ പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി പരിപാലനം. തൊഴിലുറപ്പ് തൊഴിലാളികളാണ് പുരയിടം കൃഷി യോഗ്യമാക്കി നൽകുന്നത്. ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്‌കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടി വി പുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ ബിജു, ജോസഫ്, കൃഷി ഓഫിസർ ചൈതന്യ, പ്രഥമാധ്യാപിക സീന എന്നിവർ സംസാരിച്ചു.