
എറണാകുളം: ആദരവ് അര്‍പ്പിക്കാന്‍ ഒരുക്കിയ ചടങ്ങിനിടെ വേദിയില്‍ കുഴഞ്ഞുവീണ് കവിയും പൊതുപ്രവര്‍ത്തകനുമായ മാധവന്‍കുട്ടി ആറ്റാഞ്ചേരി (76) മരിച്ചു. ഞായറാഴ്ച രാവിലെ എരൂര്‍ മാത്തൂരിലാണ് സംഭവം. ഇലക്ട്രോണിക് എന്‍ജിനീയറായിരുന്ന എരൂര്‍ അയ്യമ്പിള്ളി റോഡ് ‘ശ്രീ’ യില്‍ (കുടിലിങ്കല്‍) മാധവന്‍കുട്ടി ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമൊക്കെ കവിതകള്‍ എഴുതാറുണ്ട്. കവിസദസ്സുകളില്‍ സ്വന്തം കവിതകള്‍ ചൊല്ലുമായിരുന്നു.
കവി എസ്. രമേശന്‍ നായര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം എരൂര്‍ സൗത്ത് യൂണിറ്റ് മാധവന്‍കുട്ടിയെ ഞായറാഴ്ച പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരം ഏറ്റുവാങ്ങിയ ശേഷം നന്ദി പറഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കെ ആള്‍ പെട്ടെന്ന് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരൂര്‍ എന്‍.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ്, കേരള സാഹിത്യ മണ്ഡലം ജോയിന്റ് സെക്രട്ടറി, ‘ട്രുറ’ എരൂര്‍ മേഖലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ജയശ്രീ. മക്കള്‍: ശ്രീജിത്ത്, ശ്രീരാജ്. മരുമകള്‍: നവിത.






