കണ്ണൂർ: രക്തസാക്ഷികളെക്കുറിച്ചുള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം വിവാദമായതോടെ വിശദീകരണവുമായി തലശ്ശേരി അതിരൂപത. സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണെന്നും ബിഷപ്പിന്റെ പ്രസംഗം ചില തല്പരകക്ഷികൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും തലശ്ശേരി അതിരൂപത വിശദീകരണക്കുറിപ്പിറക്കി. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് ബലിയാടായവരാണ്. ഇവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ്പ് ഉദ്ദേശിച്ചതെന്നും സഭ വിശദീകരിക്കുന്നു.
കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരും പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് വീണു മരിച്ചവരുമാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന ബിഷപ് പാംപ്ലാനിയുടെ പരാമർശമാണ് വലിയ വിവാദങ്ങൾക്കിടയാക്കിയത്. കണ്ണൂർ ചെറുപുഴയിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ വെച്ചാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിവാദ പരാമർശം നടത്തിയത്. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നു പരാമർശം. അപ്പോസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്ന് പറഞ്ഞ ബിഷപ്പാണ് അടുത്ത വരിയായി രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയത്.