Movie

മലയാള സിനിമയിലെ ഇതിഹാസ സമാനമായ ചിത്രങ്ങൾ സമ്മാനിച്ച ശോഭന പരമേശ്വരൻ നായർ വിട പറഞ്ഞിട്ട് ഇന്ന് 14 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

     ശോഭന പരമേശ്വരൻ നായരുടെ പതിനാലാം ചരമവാർഷികമാണ് ഇന്ന് 1927-2009). പുകൾ പെറ്റ ഒരുപിടി ചിത്രങ്ങൾ സൃഷ്ടിക്കാൻ നിമിത്തമായ ഈ നിർമ്മാതാവിന്റെ അന്ത്യം 2009 മെയ് 21 നായിരുന്നു. തിരുവനന്തപുരത്തുകാരൻ തൃശൂരിൽ ശോഭന എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങിയതിനെ തുടർന്നാണ് പേരിനൊപ്പം ശോഭന സ്ഥാനം പിടിച്ചത്. അദ്ദേഹം നിർമ്മിച്ച ചില ചിത്രങ്ങൾ:

1. നിണമണിഞ്ഞ കാൽപ്പാടുകൾ (1963). കഥ പാറപ്പുറത്ത്. സംവിധാനം എൻ എൻ പിഷാരടി. ബാബുരാജിന്റെ മാമലകൾക്കപ്പുറത്ത്, അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തുടങ്ങിയ ഗാനങ്ങൾ പ്രസിദ്ധം.

2. മുറപ്പെണ്ണ് (1965). എംടി വാസുദേവൻ നായരുടെ ആദ്യചിത്രം. എ.വിൻസെന്റ് സംവിധാനം. ബി.എ ചിദംബരനാഥ് സംഗീതം നൽകിയ കരയുന്നോ പുഴ ചിരിക്കുന്നോ, കടവത്ത് തോണിയടുത്തപ്പോൾ എന്നീ ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റു പാടുന്നു.

3. നഗരമേ നന്ദി (1967). എം.ടി- എ വിൻസെന്റ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം. മഞ്ഞണിപ്പൂ നിലാവ്, നഗരം നഗരം മഹാസാഗരം (കെ രാഘവൻ) എന്നീ പാട്ടുകൾ ഹൃദ്യമാണ്. എംടി-എ വിൻസെന്റ്-പരമു ടീം ‘സത്യത്തിന്റെ തുറമുഖം’ എന്നൊരു ചിത്രം പ്ലാൻ ചെയ്‌തിരുന്നു. നടന്നില്ല. ഇതേ ടീമിന്റെ മമ്മൂട്ടിച്ചിത്രം ‘കൊച്ചുതെമ്മാടി’യാണ് വിൻസെന്റിന്റെയും ശോഭന പരമേശ്വരൻ നായരുടെയും അവസാനചിത്രം.

4.  കള്ളിച്ചെല്ലമ്മ (1969). ജി. വിവേകാനന്ദന്റെ കഥ. സംവിധാനം പി. ഭാസ്‌ക്കരൻ. മേൽപ്പറഞ്ഞ 4 ചിത്രങ്ങളുടെയും ഗാനരചയിതാവ് പി ഭാസ്‌ക്കരൻ. ബ്രഹ്മാനന്ദൻ, ജയചന്ദ്രൻ എന്നിവരുടെ കരിയർ ഹിറ്റുകൾ. (മാനത്തെ കായലിൻ, കരിമുകിൽക്കാട്ടിലെ).

5. അഭയം (1970). പെരുമ്പടവം ശ്രീധരന്റെ കഥയ്ക്ക് എസ് എൽ പുരം തിരക്കഥയെഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്‌തു. ജി ശങ്കരക്കുറുപ്പിന്റെ ശ്രാന്തമംബരം എന്ന കവിതയ്ക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകി. ചിത്രത്തിൽ ചങ്ങമ്പുഴ, ബാലാമണിയമ്മ സുഗതകുമാരി എന്നിവരുടെ കവിതകളും ഉണ്ടായിരുന്നു.

Back to top button
error: