KeralaNEWS

ഏജന്റുമാര്‍ വഴിയുള്ള അപേക്ഷകളില്‍ വേഗത്തില്‍ നടപടി; നഗരസഭകളില്‍ ഏജന്റുമാർ മുഖേന അഴിമതി നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തൽ

തിരുവനന്തപുരം∙ നഗരസഭകളിൽ ഏജന്റുമാർ മുഖേന അഴിമതി നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. തിരുവനന്തപുരം, കൊച്ചി, കൊല്ലം കോർപറേഷനുകളിൽ നടത്തിയ പരിശോധനകളിൽ 10 ഏജന്റുമാരെ കണ്ടെത്തി. ഏജന്റുമാർ വഴിയുള്ള അപേക്ഷകളിൽ വേഗത്തിൽ നടപടി പൂർത്തിയാക്കുന്നതായും വ്യക്തമായിട്ടുണ്ട്. ‘ക്ലീൻ കോർപ്’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ കണ്ടെത്തലുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ മിന്നൽ പരിശോധനകളിലാണ് വിജിലൻസ് ഇക്കാര്യം കണ്ടെത്തിയത്. ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകളിൽ അതിവേഗം ഉദ്യോഗസ്ഥർ നടപടിയെടുക്കും. കൈക്കൂലി, കമ്മിഷൻ തുടങ്ങിയവ ഉദ്യോഗസ്ഥർക്ക് ഇതിന് പ്രതിഫലമായി കിട്ടുന്നുണ്ട്.

അതേസമയം, സാധാരണക്കാർ നേരിട്ടു നൽകുന്ന അപേക്ഷകളിൽ തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇത് കാലങ്ങളായി കെട്ടിക്കിടക്കുമ്പോഴാണ് ഏജന്റുമാർ മുഖേനയുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകുന്നത്. ഇത്തരത്തിൽ വഴിവിട്ട രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലൻസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവർക്കെതിരെ വരും ദിനങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

Back to top button
error: