BusinessTRENDING

സ്വര്‍ണവുമായി നാട്ടിലേക്ക് യാത്രചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്! പുതിയ നിബന്ധനകള്‍ ഇങ്ങനെ…

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് സ്വർണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളുമായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർ അവയുടെ രേഖകൾ ശരിയാക്കണമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഈ നിബന്ധനകൾ ബാധകമാണ്. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശമെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വർണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളും കൊണ്ടുപോകുന്നവർക്ക് രേഖകൾ ശരിയാക്കാൻ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവർ ഒരു ദിവസം മുമ്പ് കൊണ്ടുപോകുന്ന സാധനങ്ങളുമായി ബന്ധപ്പെട്ട രസീതുകൾ ഉൾപ്പെടെ എല്ലാ രേഖകളും കസ്റ്റംസിന് മുന്നിൽ സമർപ്പിക്കണം. ഉദ്യോഗസ്ഥർ‍ ഇവ പരിശോധിച്ച് അനുമതിപത്രം നൽകും. ഇത് യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്‍പെക്ടറെ കാണിക്കണമെന്നും പുതിയ നിർദേശങ്ങളിൽ പറയുന്നു.

കുവൈത്തിൽ നിന്ന് വലിയ അളവിൽ സ്വർണം വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നിബന്ധനകൾ കർശനമാക്കുന്നത്. എന്നാൽ സ്‍ത്രീകൾ അവരുടെ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങൾക്ക് ഇവ ബാധകമല്ല. ഇതിനു പുറമെ നിശ്ചിത അളവിൽ കൂടുതൽ സ്വർണം വിദേശത്തേക്ക് കൊണ്ടുപോകുന്നതിനാണ് രേഖകൾ ആവശ്യമുള്ളത്. കൊണ്ടുപോകുന്ന സ്വർണത്തിന്റെ ഔദ്യോഗിക രേഖകൾ തന്നെ ഹാജരാക്കിയാൽ യാത്രാ നടപടികൾ കൂടുതൽ എളുപ്പമാവും. സ്വർണം നിയമപരമായി വാങ്ങിയതാണെന്ന് ഇതിലൂടെ അധികൃതരെ ബോധ്യപ്പെടുത്താനാണ് ഔദ്യോഗിക രേഖകൾ കൈവശം വെയ്ക്കേണ്ടതെന്നും അറിയിപ്പിൽ പറയുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: