KeralaNEWS

അപകടക്കെണിയാകുന്ന വെള്ളച്ചാട്ടങ്ങൾ

കോഴിക്കോട്: കോഴിക്കോട് ,താമരശ്ശേരി താലൂക്കുകളുടെ കിഴക്കന്‍ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ അപകടക്കെണിയാകുന്നു.പ്രകൃതി സൗന്ദര്യമാസ്വദിക്കാന്‍ എത്തുന്ന നിരവധി സഞ്ചാരികളുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തയും മുന്നറിയിപ്പുകള്‍ ഗൗനിക്കാത്ത സഞ്ചാരികളുടെ നടപടികളും പ്രകൃതിയുടെ പ്രവചനാതീത പെരുമാറ്റവും ചേരുമ്ബോള്‍ അപകട സാദ്ധ്യത ഏറുകയാണ്.
മുന്നറിയിപ്പില്ലാത്ത മഴയും വെള്ളത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്കും ഉയര്‍ന്ന ജലനിരപ്പുമാണ് മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങളെ ഭീകരമാക്കുന്നത്. ജില്ലയിലെ വിവിധ വെളളച്ചാട്ടങ്ങളില്‍ ജീവന്‍ നഷ്ടമായത് നൂറു കണക്കിന് ആളുക്കള്‍ക്കാണ്. തിരുവമ്ബാടി പഞ്ചായത്തിലെ അരിപ്പാറയില്‍ മാത്രം മരണസംഖ്യ 27 ആണ്. അടുത്തുള്ള പതങ്കയത്ത് ഇതിനകം 18 പേര്‍ അപകടത്തില്‍പെട്ടു.
ഔദ്യോഗിക വിനോദ സഞ്ചാര കേന്ദ്രമല്ലാത്ത ഇവിടെ വേനലില്‍ സഞ്ചാരികളുടെ അനിയന്ത്രിത ഒഴുക്കാണ്. വിശാലമായ തീരവും നാലു വെളളച്ചാട്ടങ്ങളും ഉള്‍പെടുന്നതാണ് ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലാണ് ഈ കേന്ദ്രം.
പുഴകളില്‍ നിറയെ ഭീമാകാരമായ പാറക്കെട്ടുകളും ഉരുണ്ട പാറക്കെട്ടുകളുമാണ്. പാറക്കെട്ടിലെ വഴുവഴുപ്പില്‍ പലരും വെള്ളത്തില്‍ വീഴാറുണ്ട്. നീന്താനറിയുന്നവര്‍പോലും വെള്ളത്തിലെ ചുഴികളില്‍പ്പെട്ടാല്‍ രക്ഷപ്പെടാറില്ല. കൂടാതെ കടുത്ത വേനലിലും വെള്ളം നിറഞ്ഞ ആഴമേറിയ കയങ്ങളാണ് ഇവിടെയെത്തുന്നവരുടെ ജീവന്‍ അപഹരിക്കുന്നത്.
തെളിഞ്ഞ മാനംകണ്ട് പുഴിലിറങ്ങുന്ന ഇവര്‍ക്ക് വനമേഖലയിലെ മഴയെ കുറിച്ചും‌ അറിയില്ല. ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവസ്ഥലമായ വെളളരിമലയിലെ വൃഷ്ടി പ്രദേശങ്ങളില്‍ കടുത്ത വേനലിലും മഴ പെയ്യാം. ഇങ്ങനെ പൊടുന്നനെയെത്തുന്ന മലവെളളപ്പാച്ചിലാണ് പലരുടെയും ജീവന്‍ അപഹരിച്ചത്.
ആവശ്യമായ സുരക്ഷാസംവിധാനങ്ങളും മതിയായ ജീവനക്കാരെയും ഇവിടങ്ങളിൽ നിയമിച്ചാൽ ഒരുപരിധിവരെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

Back to top button
error: