ബംഗളൂരു-കൊച്ചി ഇടനാഴിയായാണ് നിലമ്പൂർ – നഞ്ചൻകോട് പാത വിഭാവനം ചെയ്തത്.കേരളത്തില്‍ നിലമ്പൂര്‍ റോഡ് വരെ എത്തിനില്‍ക്കുന്ന പാതയും കര്‍ണാടകയില്‍ നഞ്ചന്‍കോട് വരെ എത്തി നില്ക്കുന്ന പാതയും തമ്മിൽ കൂട്ടിമുട്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കേന്ദ്രസര്‍ക്കാരിന്റെ പിങ്ക് ബുക്കില്‍ വരെ ഇടം പിടിച്ചിട്ടും പിന്നീട് പദ്ധതിക്ക് യാതൊരു നീക്കുപോക്കുമുണ്ടായില്ല.കർണാടകയായിരുന്നു തടസ്സം.
1927 ൽ ബ്രിട്ടിഷുകാരുടെ കാലത്താണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്.നിലമ്പൂരും നഞ്ചന്‍കോടും ബന്ധിപ്പിച്ച് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലൂടെ ഉത്തരേന്ത്യയിലേക്കുള്ള ഗതാഗതം സുഗമമാക്കുകയായിരുന്നു ബ്രിട്ടിഷുകാരുടെ ലക്ഷ്യം.എന്നാല്‍ രണ്ടാം ഘട്ടമായി ഉദ്ദേശിച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാത പൂര്‍ത്തിയാക്കാന്‍ അവർക്ക് കഴിഞ്ഞില്ല.ഇതിനകം തന്നെ അവർക്ക് ഇന്ത്യ വിടേണ്ടി വന്നതായിരുന്നു കാരണം.
പിന്നീട് 2002 ലാണ് പദ്ധതിക്കായി വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ചത്. ഒ.രാജഗോപാല്‍ കേന്ദ്ര റയിൽവേ സഹമന്ത്രിയായിരുന്നപ്പോള്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ സര്‍വേക്ക് ഉത്തരവിട്ടെങ്കിലും രാഷ്ട്രീയ വടംവലികള്‍ മൂലം അത് നീണ്ടുപോയി.ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കുമൊടുവില്‍ വീണ്ടും 2013 ല്‍ സര്‍വേക്ക് ഉത്തരവായി.സാധ്യതാ പഠനത്തിനായി ഡോ. ഇ. ശ്രീധരനെയാണ് നിയോഗിച്ചത്.അങ്ങനെ 2016-17 ബജറ്റില്‍ പാത അനുവദിച്ചുകൊണ്ട് ഉത്തരവായി.രാജ്യത്തെ 30 പദ്ധതികള്‍ക്കായി 58,274 കോടി രൂപ അനുവദിച്ചുകൊണ്ട് പിങ്ക് ബുക്കില്‍ ചേര്‍ത്തതില്‍ 3000 കോടി നഞ്ചന്‍കോട് നിലമ്പൂര്‍ പദ്ധതിക്കായി വകയിരുത്തുകയും ചെയ്തു.തുടര്‍ന്ന് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന്) സര്‍വേ നടപടികള്‍ തുടങ്ങി.
2016 ജൂണ്‍ 24ന് സംസ്ഥാന സര്‍ക്കാര്‍ സര്‍വേക്കായി എട്ടു കോടി രൂപ അനുവദിച്ചതിനെ തുടർന്ന് ഡിഎംആര്‍സി പ്രാരംഭ ജോലികള്‍ ആരംഭിച്ചുവെങ്കിലും കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട സഹായമൊന്നും എത്തിയില്ല.പലവട്ടം ഡിഎംആര്‍സി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല.ഇതോടെ ഡിഎംആര്‍സി പദ്ധതിയില്‍നിന്നു പിൻമാറുകയായിരുന്നു.പിന്നീട് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ ) 51 ശതമാനവും റെയിൽവേ മന്ത്രാലയം 49 ശതമാനവും പങ്ക് വഹിച്ചുകൊണ്ട് പദ്ധതി ഏറ്റെടുത്തിരുന്നെങ്കിലും കർണാടകയിലൂടെയുള്ള അലൈൻമെന്റ് കാര്യത്തിൽ കർണാടക സർക്കാർ എതിർപ്പു പ്രകടിപ്പിച്ചതോടെ പദ്ധതിക്ക് ചുവപ്പ് സിഗ്നലും വീഴുകയായിരുന്നു..
156 കിലോമീറ്ററാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാതയുടെ ദൈർഘ്യം. മൈസൂരുവിനടുത്തുള്ള നഞ്ചന്‍കോട് നിന്നു ചിക്കബര്‍ഗി- വള്ളുവാടി- മീനങ്ങാടി- കല്പറ്റ- മേപ്പാടി- വെള്ളരിമല വഴി നിലമ്പൂരിൽ എത്തുന്ന വിധത്തിലായിരുന്നു പാത വിഭാവനം ചെയ്തിരുന്നത്.പാതയുടെ നിർമ്മാണം പൂര്‍ത്തിയായാല്‍ കൊച്ചിയില്‍നിന്നു ബംഗളൂരുവിലേക്കുള്ള യാത്രാദൂരം 137 കിലോമീറ്ററും മൈസൂരുവിലേക്ക് 479 കിലോമീറ്ററും കുറയുമായിരുന്നു.തന്നെയുമല്ല,ബംഗളൂരുവില്‍നിന്നു ഷൊര്‍ണൂരെത്താൻ ഇപ്പോഴെടുക്കുന്ന പത്തു മണിക്കൂര്‍ അഞ്ചു മണിക്കൂറായി
കുറയുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുുള്ള ചരക്കുനീക്കത്തിന് ആറു മണിക്കൂര്‍ വരെ സമയവും ലാഭിക്കുവാൻ സാധിക്കുമായിരുന്നു.ഹൈദരബാദ്, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, നാഗ്പൂർ, ഭോപ്പാൽ, ഡൽഹി തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസമയത്തിലും ഇപ്പോഴുള്ളതിനേക്കാൾ ഏതാണ്ട് അഞ്ചു മണിക്കൂറോളം കുറവുണ്ടാകും.
കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ പാത.1921-ലാണ് ഈ പാതയുടെ നിർമ്മാണം ആരംഭിക്കുന്നത്.നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ റയിൽവെ റൂട്ടുകളിൽ ഒന്നാണ് ഈ പാത.66 കിലോമീറ്റർ നീളമുള്ള ഈ പാത പാലക്കാട് ജില്ലയിലെ ഷൊർണൂർ ജങ്ക്ഷനിൽ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ(നിലമ്പൂർ റോഡ്) അവസാനിക്കുന്നു.
ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളാണുള്ളത്.വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് ഒന്നിനൊന്നു മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ. മേൽപ്പറഞ്ഞവയിൽ അങ്ങാടിപ്പുറം സ്റ്റേഷൻ മാത്രമാണ് അൽപ്പം വലുതായിട്ടുള്ളത്.ബാക്കിയെല്ലാം ചെറിയ സ്റ്റേഷനുകളാണ്.ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്ന സ്റ്റേഷനുകൾ !!