KeralaNEWS

രുചിയുടെ വലയെറിഞ്ഞ് കായലരികത്തെ കള്ള് ഷാപ്പുകൾ

രിമീനും കായലും കെട്ടുവള്ളവും തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിലെ കള്ള് ഷാപ്പുകളും പ്രിയങ്കരമാണ്.ഷാപ്പെന്നു കേട്ടാൽ നെറ്റിചുളിക്കേണ്ട.കേരളത്തിലെ ഗ്രാമീണ ഷാപ്പുകളിൽ ചിലതൊക്കെ ഇന്ന് നല്ലൊന്നാന്തരം ഫാമിലി റസ്റ്റേറൻറുകളും കൂടിയാണ്.നാവിൽ കപ്പലോടിക്കുന്ന രുചികളുമായി കായലരികത്ത് വലയെറിയുന്ന ചില ഷാപ്പുകളെ പരിചയപ്പെടാം.
 കിളിക്കൂട്: ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പ്രശസ്തമായ കള്ള് ഷാപ്പാണ് കിളിക്കൂട്. തറാവ് ഫ്രൈ ആണ് ഇവിടു‌ത്തെ ഏറ്റവും ജനപ്രിയ വിഭവം.
കടമക്കുടി: എറണാകുളം ജില്ലയിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട കടമക്കുടി ഗ്രാമം.ഇവിടുത്തെ ഗ്രാമീണ ഭംഗി പോലെ തന്നെ കള്ള് ഷാപ്പും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.കരിമീനാണ് മാസ്റ്റർ പീസ്.
മങ്കൊമ്പ് ഷാപ്പ്: ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലാണ് മങ്കൊമ്പ് സ്ഥിതി ചെയ്യുന്നത്.ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് സഞ്ച‌രിച്ചാല്‍ മങ്കൊമ്പില്‍ എത്തിച്ചേരാം.ബീഫ് റോസ്റ്റിന് പേരുകേട്ടതാണ് ഈ‌ ഷാപ്പ്.

മു‌ല്ലപ‌ന്ത‌ൽ: എറണാകു‌ളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ എം എ‌ല്‍ എ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കള്ളു ഷാപ്പാണ് മുല്ല‌പന്തല്‍  സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് ഈ കള്ള് ഷാ‌പ്പ്. ക‌രിമീന്‍ കറി, കരിമീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ, മീന്‍ ‌തല, ചെമ്മീന്‍, കാട ഫ്രൈ, കൂന്തല്‍ എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍.

നെട്ടൂര്‍ ഷാ‌പ്പ്, : എറണാകുളത്തെ തന്നെ മറ്റൊരു പ്രശസ്തമായ കള്ള് ഷാപ്പാണ് നെട്ടൂര്‍ ഷാപ്പ്. കുടുംബസമേതം സന്ദര്‍ശിക്കാവു‌ന്ന ഷാപ്പുകളില്‍ ഒന്നാണ് നെട്ടൂര്‍ ഷാപ്പ്. വൈകുന്നേരമാണ് ഇവിടെ സന്ദര്‍ശി‌ക്കാന്‍ പറ്റിയ സമയം. ചെമ്മീന്‍ ഉലത്തിയത്, ഞണ്ട് ഫ്രൈ, ബീഫ് ലി‌വര്‍, മീന്‍തല കറി എന്നിവയാണ് ഇവിടുത്തെ സ്പെഷ്യ‌ല്‍ വിഭവങ്ങള്‍.

കരിമ്പിന്‍കാല : ചങ്ങനാശ്ശേരി കോട്ടയം റൂട്ടിലെ പള്ളത്താണ് കോട്ടയത്തെ ഏറ്റവും പ്രശസ്തമായ കള്ള്ഷാപ്പായ കരിമ്പിന്‍കാല കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. 1958ല്‍ ആരംഭിച്ച ഈ കള്ള് ഷാപ്പ് ഇപ്പോള്‍ പ്രശസ്തമായ ഫാമിലി റെസ്റ്റോറെ‌ന്റ് ആണ്.

Signature-ad

 

അമ്പാടി ഷാ‌പ്പ് : ചങ്ങനാശേരി ആലപ്പഴ റൂട്ടില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായി ഒന്നാം പാലം ‌ബസ് സ്റ്റോ‌പ്പിന് സമീപത്തായാണ് അമ്പാടി ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ആളുകള്‍ ഉച്ചയൂണ് കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന കള്ളുഷാപ്പുകളില്‍ ഒന്നാണ് ഈ കള്ള് ഷാ‌പ്പ്.
തറവാട് : കുമരകത്തെ പ്രശസ്തമായ ഒരു കള്ള് ഷാ‌പ്പാണ് തറവാട് കള്ള് ഷാപ്പ്. കക്ക ഫ്രൈ, ഞണ്ട് കറി, ബീഫ്‌ ഫ്രൈ, കിളിമീന്‍ ഫ്രൈ, കൊഞ്ചു റോസ്റ്റ്, പുഴമീന്‍ കറി എന്നിങ്ങനെ നാവില്‍ കൊതിയൂറുന്ന നിരവ‌ധി വിഭവങ്ങള്‍ ഇവിടെ കിട്ടും.
രാജപുരം ഷാപ്പ്, : ആലപ്പുഴ ജില്ലയിൽ കാവാലം ലിസ്യൂ പള്ളിക്ക് സമീപം ബോട്ടുജെട്ടിയില്‍ നിന്നും അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. കൂടാതെ ഷാപ്പുടമയുടെ ഫോണിൽ വിളിച്ചാൽ രാജപുരം ഷാപ്പിന്റ വഞ്ചി ലിസ്യൂ കടവിലെത്തി ആളുകളെ ഷാപ്പിലെത്തിക്കാനും തയാറാണ്. ചേമ്പ് പുഴുങ്ങിയത്, കാച്ചിൽ പുഴുങ്ങിയത്, കപ്പ വേവിച്ചത്, ചപ്പാത്തി, അപ്പം, താറാവ് റോസ്റ്റ്, മുയലിറച്ചി, ബീഫ് റോസ്റ്റും ഫ്രൈയും, കക്കായിറച്ചി, പന്നിയിറച്ചി, മഞ്ഞക്കൂരി കറി, വാള കറി, മീൻതല, ചെമ്മീൻ റോസ്റ്റും ഫ്രൈയും, കൊഞ്ച് റോസ്റ്റും ഫ്രൈയും, കരിമീൻ ഫ്രൈയും പൊള്ളിച്ചതും, വരാൽ ഫ്രൈയും പൊള്ളിച്ചതും, പള്ളത്തി ഫ്രൈ, കൊഴുവ ഫ്രൈ, മുരശ് ഫ്രൈ, നങ്ക് ഫ്രൈ, കാരീ ഫ്രൈ, ഞണ്ട് കറി, മുരശ് പീര, കരിമീൻ വാട്ടി വറ്റിച്ചത്, കല്ലുമേക്കായ എന്നിവ രാജപുരം കായൽ ഷാപ്പിലെ സ്പെഷൽ വിഭവങ്ങളാണ്.

ഗരുഡാകരി ഷാപ്പ് : കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ പാടങ്ങളുടെ കരയിലാണ് ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. കുട്ടനാട്ടിലെ നാടൻ വിഭവങ്ങളെല്ലാം ലഭ്യമായ ഈ ഷാപ്പിനോട് ചേർന്ന് ഒരു ഫാമിലി റെസ്റ്റോറന്റും ഉണ്ട്. ഭക്ഷണത്തിന്റെ രുചിയറിയാൻ എത്തുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളത്. പതിനെട്ടോളം കുടിലുകൾ ഈ ഷാപ്പിനു ചുറ്റിലുമുണ്ട്. ഇവിടെ വരുന്ന കുടുംബങ്ങൾക്ക് സൗകര്യപൂർവമിരുന്നു ഭക്ഷണം കഴിക്കുന്നതിനായി ഒരുക്കിയിരിക്കുന്നതാണിത്. കൊതിപിടിപ്പിക്കുന്ന വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ രുചിപ്പുരയിൽ അതിഥികളെ കാത്തിരിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനി കരിമീൻ പൊള്ളിച്ചതാണ്. കാച്ചിലും ചേമ്പും കായും പയറുമെല്ലാം കൂട്ടി വേവിച്ച ‘കൊഴ’യെന്ന തനിനാടൻ വിഭവവും അപ്പവും ചപ്പാത്തിയുമെല്ലാമുണ്ട്. ഞണ്ടും ചെമ്മീനും വാളയും വറ്റയും കേരയുമെല്ലാം കറികളായി നിറയുമ്പോൾ പൊടിമീൻ വറുത്തതും പള്ളത്തിയുമെല്ലാം സ്വാദിന്റെ അടയാളങ്ങളായി രുചിയറിയാൻ എത്തുന്നവന് മുമ്പിൽ അണിനിരക്കുന്നു. നല്ല പിടയ്ക്കുന്ന മീൻവിഭവങ്ങൾക്ക് പുറമേ കോഴിയും പന്നിയും പോത്തും ആടും താറാവും കക്കയും കല്ലുമ്മേക്കായുമെല്ലാം രുചിരാജാക്കന്മാരായി ഗരുഡാകരിയിലെത്തുന്നവനെ ആകർഷിക്കുന്നു. എങ്ങനെ എത്താം : കിടങ്ങറ പാലം (മുട്ടാർ ജംഗ്ഷൻ),ആലപ്പുഴ

ഹസ്തിനപുരി: കപ്പയും നല്ല നാടൻ വരാലൂം, , ഞണ്ടും , കക്കയും പിന്നെ സ്പെഷ്യൽ പുല്ലൻ വറുത്തതും കൂടെ ഷാപ്പിലെ മറ്റു നാവിൽ വെള്ളം ഊറുന്ന വിഭവങ്ങളും.ഇതെല്ലാം നല്ല  ഇളം കാറ്റിൽ ഒരു പാടവരമ്പിൽ ഇരുന്നു കഴിക്കുന്നത് ഒന്ന്  ഓർത്തുനോക്കിക്കെ…

ഓർക്കുമ്പോൾ തന്നെ ഏതൊരു ശരാശരി ഭക്ഷണപ്രേമിയുടെയും  വായിൽ വെള്ളം നിറയും അല്ലെ. നമ്മുടെ മനസും  ആമാശയവും ഒരേ പോലെ നിറയ്ക്കുന്ന
വിവിധ രുചികൾ  തേടി അലയുന്ന സഞ്ചാരി സുഹൃത്തുക്കൾക്കായി ഇതാ പരിചയപ്പെടുത്തുന്നു ഹസ്തിനപുരി ഷാപ്പ്.

കോട്ടയം തെങ്ങണ-പുതുപ്പള്ളി റൂട്ടിൽ റോഡ് സൈഡിൽ തന്നെ ആണ്

ഹസ്തിനപുരി ഷാപ്പ്. രണ്ടു വശത്തും നല്ല പാടങ്ങളും , തെങ്ങും, കവുങ്ങും  അങ്ങനെ മൊത്തത്തിൽ ഒരു നാടൻ ഷാപ്പിന്റെ അന്തരീക്ഷം നിറഞ്ഞ  സ്ഥലത്താണ് നമ്മുടെ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഓം ശാന്തി ഓശാനയിലെ പൂജയുടെ ഫാദർ  ഡോ. മാത്യുവിന്റെ വാക്കുകളിൽ പറഞ്ഞാൽ അത്യാവശ്യം ഹരിതാഭ നിറഞ്ഞ ഒരു സ്ഥലം.

പണ്ടുകാലത്തു ഒരു കള്ള് ഷാപ്പ് എന്നാൽ നമ്മുടെ മനസിലേക്ക് വരുന്നത് അടിച്ചു കോൺ തെറ്റി ഉടുത്ത മുണ്ടൊക്കെ തലയിൽ കെട്ടി നിൽക്കുന്ന കുറെ ചേട്ടന്മാരും  , ഡെസ്ക്കിൽ കൈ അടിച്ചു പാട്ടൊക്കെ പാടി നല്ല മൂഡിൽ ഇരിക്കുന്ന ചെറുപ്പക്കാരും,  ഇതിന്റെ എല്ലാം കൂടെ കുറച്ചു കയ്യാങ്കളിയും ഇടയ്ക്കു വല്ലപ്പോഴും ചെറിയ ഒന്നോ രണ്ടോ കത്തിക്കുത്തും.കുറച്ചു നാളുകൾക്കു മുൻപ് വരെ കേരളത്തിലെ ശരാശരി കള്ള് ഷാപ്പുകളുടെയൊക്കെ ഒരു കോലം ഇതായിരുന്നു.
 ഈ കലാപരിപാടികൾ കാരണം മാന്യമാരായ തീറ്റ ഭ്രാന്തൻമാരും-ഭ്രാന്തികളും അങ്ങനെ ഷാപ്പുകളെ ദൂരേന്നു കണ്ടു വെള്ളമിറക്കി.പക്ഷെ ഇന്ന് കാലം നമ്മുടെ കള്ള് ഷാപ്പുകളുടെ കോലവും അങ്ങ് മാറ്റി. വളരെ മാന്യമായി സ്ത്രീകൾക്കും കുട്ടികൾക്കും വരെ ചെന്നിരുന്നു ഭക്ഷണം കഴിക്കുവാനും എൻജോയ് ചെയ്യാനുമുള്ള നിലവാരത്തിലേക്ക് കേരളത്തിലെ കള്ള് ഷാപ്പുകൾ വളർന്നിരിക്കുന്നു.പ്രത്യേകമായ ഫാമിലി റൂമും, ടോയ്‌ലറ്റ് സൗകര്യങ്ങളും എല്ലാമുള്ള ഹൈടെക് ഭക്ഷണശാലകളാണ് ഇന്നത്തെ ഷാപ്പുകൾ.

Back to top button
error: