കണ്ണൂര്‍: തലശേരിയിലെ പാര്‍ക്കില്‍ മൊബൈല്‍ ചാറ്റിനെ ചൊല്ലി കമിതാക്കള്‍ തമ്മില്‍ തല്ലി. താന്‍ അറിയാതെ മറ്റുളളവരുമായി ചാറ്റു നടത്തിയെന്ന് ആരോപിച്ചാണ് യുവാവ് വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചത്. കാമുകിയെ പാര്‍ക്കിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു കയ്യേറ്റം. വാക്കേറ്റം നടത്തുകയും കരണത്തടിക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്ത യുവാവിനെതിരെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ തലശേരി ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ശേഷം കാമുകന്‍ മുങ്ങിയിരിക്കുകയാണ്. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്.
തലശേരി നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. കോഴിക്കോട് ജില്ലക്കാരിയായ കോളജ് വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ചൊക്ളി നിടുമ്പ്രം സ്വദേശിയായ അഭിനവിനെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച്ച വൈകിട്ട് മൂന്നു മണിക്കാണ് സംഭവം. തലശേരിയിലെ വിനോദ സഞ്ചാരകേന്ദ്രമായ ഓവര്‍ബറീസ് ഫോളിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവാവുമായി സോഷ്യല്‍ മീഡിയ വഴി പരിചയമുണ്ടായിരുന്ന വിദ്യാര്‍ഥിനിയെ തലശേരിയിലേക്ക് യുവാവ് വിളിച്ചുവരുത്തുകയായിരുന്നു. അഭിനവ് ആവശ്യപ്പെട്ടതു പ്രകാരം ട്രെയിന്‍ മാര്‍ഗമാണ് വിദ്യാര്‍ഥിനി തലശേരിയിലെത്തിയത്. ഇതിനു ശേഷം ഓവര്‍ബറീസ് ഫോളിയിലെത്തിയ വിദ്യാര്‍ഥിനിയും യുവാവും ഏറെ നേരം സംസാരിക്കുകയും ഇതിനിടെ തര്‍ക്കമുണ്ടാവുകയുമായിരുന്നു.
നേരത്തെ കമിതാക്കള്‍ ധാരാളമെത്തുന്ന ഓവര്‍ബറീസ് ഫോളിയില്‍ നിന്നു ചില സ്വകാര്യ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിച്ചതോടെ പോലീസ് ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നു. കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പോലീസ് ഇവിടെ പരിശോധന കര്‍ശനമാക്കിയത്.