കൊല്‍ക്കത്ത: ആ നേട്ടത്തില്‍ ഇനി ഒരേയൊരു മലയാളി ക്രിക്കറ്റര്‍! ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കുന്ന 25-ാം താരമാണ് സഞ്ജു. എന്നാല്‍ ഇതിന് മുമ്പൊരു മലയാളിയും 150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് സഞ്ജു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് സഞ്ജു റെക്കോര്‍ഡുകളിട്ടത്.
ഐപിഎല്ലില്‍ സഞ്ജു കളിച്ച നൂറ്റമ്പത് മത്സരങ്ങളില്‍ 122 ഉം രാജസ്ഥാന്‍ റോയല്‍സിന്‍റെ റോയല്‍ ജേഴ്‌സിയിലായിരുന്നു. അജിങ്ക്യ രഹാനെ(100) മാത്രമേ റോയല്‍സിനായി നൂറ് മത്സരങ്ങള്‍ മുമ്പ് കളിച്ചിട്ടുള്ളൂ. അതേസമയം ഐപിഎല്‍ കരിയറില്‍ നാലായിരം റണ്‍സ് ക്ലബിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജു. കഴിഞ്ഞ 199 മത്സരങ്ങളില്‍ 29.26 ശരാശരിയിലും 137.07 സ്ട്രൈക്ക് റേറ്റിലും 3834 റണ്‍സാണ് സഞ്ജുവിനുള്ളത്. ഐപിഎല്ലില്‍ മൂന്ന് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറികളും സഞ്ജുവിന്‍റെ പേരിനൊപ്പം സ്വന്തം. രാജസ്ഥാനായി 3000ത്തിലേറെ റണ്‍സുള്ള ഏക താരമാണ് സഞ്ജു. 117 ഇന്നിംഗ്‌സില്‍ 29.78 ശരാശരിയില്‍ രണ്ട് സെഞ്ചുറികളും 17 ഫിഫ്റ്റികളും സഹിതം 3,157 റണ്‍സ് സഞ്ജുവിനുണ്ട്. 249 ഫോറും 150 സിക്‌സും ഉള്‍പ്പടെയാണിത്. 2810 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് റോയല്‍സ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍.
ഐപിഎല്‍ 2022 സീസണില്‍ നായകനായി രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ചിരുന്നു സഞ്ജു സാംസണ്‍. ഐപിഎല്‍ 2023 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി മുന്നൂറിലേറെ റണ്‍സുള്ള മൂന്ന് ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമാണ് മറ്റ് രണ്ട് പേര്‍. 11 മത്സരങ്ങളില്‍ ഇതുവരെ 30.80 ശരാശരിയിലും 154.77 സ്ട്രൈക്ക് റേറ്റിലും 308 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.