കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നത് ലഹരിക്ക് അടിമയായ പ്രതി. നെടുമ്പന യു.പി സ്കൂള്‍ അധ്യാപകനായ സന്ദീപ് ലഹരിക്ക് അടിമയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ഡീ അഡിക്ഷന് സെന്ററില്‍നിന്ന് ഇറങ്ങിയതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് മറ്റൊരു അടിപിടി കേസില്‍പ്പെട്ട് വൈദ്യപരിശോധയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനിയായ ഡേ. വന്ദന ദാസിനെ അതിക്രൂരമായി കുത്തിക്കൊന്നത്.
സഹോദരന്റെ വീട്ടിലുണ്ടായ അടിപിടിയില്‍ പ്രതിയുടെ കാലിലുണ്ടായ മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. മേശപ്പുറത്തെ കത്രിക കൈക്കലാക്കിയ പ്രതി പിന്നില്‍നിന്ന് ഡോക്ടറെ കുത്തുകയായിരുന്നു. ഡോക്ടറുടെ മുതുകിലും കഴുത്തിലും ഉള്‍പ്പെടെ ആറു തവണയാണ് ഇയാള്‍ കുത്തിയത്. പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടറുടെ നിലവിളി കേട്ട് മുറിയിലേക്ക് ഓടിയെത്തിയ പോലീസുകാരും ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്തിയത്. തുടര്‍ന്നാണ് ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം ബുധനാഴ്ച പുലര്‍ച്ചെ ഒമ്പത് മണിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് വിവരം.
ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് വൈദ്യപരിശോധയ്ക്കായി സന്ദീപിനെ പോലീസ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പ്രതിയുടെ ആക്രമണം. പ്രതിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ട് പോലീസുകാര്‍ക്കും ഒരു ഹോം ഗാര്‍ഡിനും സന്ദീപിന്റെ ബന്ധുവിനും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആശുപത്രിയിലെ ചില ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
കോട്ടയം മുട്ടുച്ചിറ സ്വദേശിനിയായ വന്ദനദാസ് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഒരുമാസത്തെ പോസ്റ്റിങ്ങിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്.