തിരുവനന്തപുരം/കൊല്ലം: ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന കാര്യമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. പോലീസുകാരുടെ മധ്യത്തിലാണ് സംഭവം നടന്നത്. പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.
കൊല്ലപ്പെട്ട യുവതി ഹൗസ് സര്‍ജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ അതിശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആക്രമണം തടയാന്‍ 2012ല്‍ നിയമം കൊണ്ടുവന്നു. അതിനെ കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു. നിയമം കൂടുതല്‍ ശക്തമാക്കാന്‍ പ്രവര്‍ത്തനം നടക്കുന്നു. ഓര്‍ഡിനന്‍സ് ഇറക്കാനാണ് ആലോചന. ആശുപത്രികളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നത്. വനിതാ ഡോക്ടര്‍ക്ക് ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് ആക്രമിച്ചത്. രാത്രികാലങ്ങളില്‍ ലഹരി ഉപയോഗിച്ച് ചികിസയ്ക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. അതീവ ദുഃഖകരമായ സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഉണ്ടായതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടയാളാണ് പ്രതിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയൊരാളെ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ പോലീസ് വിലങ്ങുവെക്കുന്നത് ഉള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ പിടിച്ചുമാറ്റാനുള്ള ശ്രമം നടത്തുന്നതിനിടെ പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മയക്കുമരുന്നിന് അടിമപ്പെട്ടാല്‍ ബലം കൂടുമെന്നാണ് പറയുന്നത്. പോലീസുകാരെ തട്ടിവീഴ്ത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം തടയാന്‍ കര്‍ശന നിയമം കൊണ്ടുവരണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നിരന്തരം ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പിഴവും എംഎല്‍എ ചൂണ്ടികാട്ടി. ഇത്തരം വിഷയങ്ങളില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയല്ലാതെ മറുപടി പുറത്ത് വരാറില്ല. ഞാന്‍ തന്നെ വിഷയം നിയമസഭയില്‍ ഉയര്‍ത്തിയപ്പോള്‍ മന്ത്രി റിപ്പോര്‍ട്ട് തേടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലായെന്നത് സങ്കടകരമായ കാര്യമാണെന്നും എംഎല്‍എ പറഞ്ഞു.