NEWSWorld

ഇമ്രാനെ വിട്ടയയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരും; പാകിസ്ഥാനില്‍ കലാപത്തീ പടരുന്നു

ഇസ്ലാമാബാദ്: അറസ്റ്റ് ചെയ്ത മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിട്ടയയ്ക്കുന്നതുവരെ പാകിസ്ഥാനിലെ പ്രക്ഷോഭം തുടരുമെന്ന സൂചന നല്‍കി പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി. പിടിഐയുടെ അധ്യക്ഷനാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍. നേതാക്കളോടും അണികളോടും ഇമ്രാനെ പിന്തുണയ്ക്കുന്നവരോടും ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ കോംപ്ലെക്‌സില്‍ പ്രാദേശിക സമയം രാവിലെ എട്ടിന് എത്തിച്ചേരണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.

ഇമ്രാനെ പുറത്തുവിടുന്നതുവരെ നിലവിലെ പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുമെന്ന് ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ പാര്‍ട്ടി വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് ശരിവച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ ഇന്നു സമീപിക്കുമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി വ്യക്തമാക്കി. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ തീരുമാനം ‘വിചിത്രമാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Signature-ad

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ (70) അര്‍ധ സൈനിക വിഭാഗമായ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് കോടതിയില്‍ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ് സംഭവം. ഇമ്രാനെ കോളറില്‍ പിടിച്ചുനടത്തിക്കുന്നതും വാനിലേക്കു തള്ളിക്കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. തലയിലും കാലിലും സാരമായി മര്‍ദിച്ചെന്നും അദ്ദേഹത്തിന്റെ ചക്രക്കസേര തട്ടിത്തെറിപ്പിച്ചെന്നും പാക്ക് ദിനപത്രമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഇമ്രാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തു കലാപാന്തരീക്ഷം രാജ്യമെങ്ങും പ്രതിഷേധത്തിനു പിടിഐ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഇസ്ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലഹോര്‍ കോര്‍ കമാന്‍ഡറുടെ വീട് അടിച്ചുതകര്‍ത്തു. ഇവിടെയും റാവല്‍പിണ്ടിയിലെ ആസ്ഥാനത്തും സൈന്യം സംയമനം പാലിച്ചെന്നാണു റിപ്പോര്‍ട്ട്. ഫൈസലാബാദില്‍ ആഭ്യന്തരമന്ത്രി റാണാ സനവുല്ലയുടെ വീട് ആക്രമിച്ചു. കറാച്ചി, പെഷാവര്‍, റാവല്‍പിണ്ടി തുടങ്ങി മറ്റു നഗരങ്ങളിലും സംഘര്‍ഷമുണ്ട്. രാജ്യത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കി. ട്വിറ്റര്‍, യൂട്യൂബ് ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് അവധി നല്‍കി.

ഇമ്രാന്‍ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അല്‍ ഖാദിര്‍ ട്രസ്റ്റും റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടില്‍ അഴിമതി ആരോപിച്ചാണ് അറസ്റ്റ്. ഇന്നലെ രാവിലെയാണു വാറന്റ് പുറപ്പെടുവിച്ചതെന്ന് എന്‍എബി പറഞ്ഞെങ്കിലും വാറന്റിലെ തീയതി മേയ് 1 ആണ്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് ആഭ്യന്തരമന്ത്രി റാണാ സനവുല്ല അവകാശപ്പെട്ടു.

 

Back to top button
error: