ഇംഫാൽ: മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾക്ക് 10 ഇരട്ടിയോളം വർധന. രാജ്യത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് മുതലെടുത്തുകൊണ്ട് വിമാനക്കമ്പനികളുടെ കൊള്ള. മണിപ്പൂരിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുകയാണ്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്.
സാധാരണയായി ഇംഫാലിൽ നിന്ന് കൊൽക്കത്ത വരെ 2,500 മുതൽ 5,000 രൂപ വരെയാണ് ഒരാൾക്കുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്കും ഏകദേശം ഇതേ നിരക്കാണ്. എന്നാൽ, മണിപ്പൂരിൽ കലാപം ആരംഭിച്ചതോടെ ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതൽ 25,000 രൂപ വരെയായി വർധിച്ചു. ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെ സഞ്ചരിക്കാൻ 15,000 രൂപ വരെ നൽകണം.
അതേസമയം, ആക്രമണങ്ങൾക്കിടയിൽ മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ എയർ ഇന്ത്യ പ്രത്യേക ഡൽഹി-ഇംഫാൽ-ഡൽഹി വിമാനം സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം 10 കൈക്കുഞ്ഞുങ്ങളടക്കം 159 യാത്രക്കാരുമായാണ് ഇംഫാലിൽ നിന്ന് മടങ്ങിയത്.