KeralaNEWS

ശമ്പള വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ; പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ ആണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും, പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ് ആർ സി സെന്ററിലൂടെ എസ് സി ഇ ആർ ടി സിലബസ് മുഖേന ആരംഭിക്കാനും തീരുമാനമായി.

പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രായം സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ഫയലിൽ തീരുമാനം വേഗത്തിലാക്കാൻ ഇടപെടൽ നടത്തും, പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും അവധി വ്യവസ്ഥകൾ സംബന്ധിച്ച് പഠനം നടത്തും, പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും ലഭ്യമായ ഇൻ സർവീസ് കോഴ്സ് പരിശീലനം യോഗ്യതയോട് ചേർക്കുന്ന കാര്യം പരിശോധിക്കും, പ്രീപ്രൈമറി നിയമനം സംബന്ധിച്ച് പൊതു മാനദണ്ഡം പ്രഖ്യാപിക്കും, പ്രീപ്രൈമറിയിൽ പിഎസ്‌സി വഴി നിയമനം ലഭിച്ച ആയമാരുടെയും അധ്യാപകരുടെയും സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചും ഹോണറേറിയം വാങ്ങുന്ന ആയമാരുടെയും അധ്യാപകരുടെയും വേതനം സംബന്ധിച്ചും പഠനം നടത്താനും തീരുമാനമായി.

അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ ധന്യ,അഡീഷണൽ സെക്രട്ടറി ശ്രീജ,വിവിധ സംഘടനകളുടെ ഭാരവാഹികളായ ഹേമലത,ബിന്ദു വി, ബീന കുമാരിയമ്മ, വിമല മനോഹർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Back to top button
error: