തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സംവിധായകൻ ഒമർ ലുലു ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തായി.മൂന്നാഴ്ചയാണ് ഒമർ ബിഗ്ബോസ് വീട്ടിൽ തുടർന്നത്. കഴിഞ്ഞ തവണയും ഒമർ നോമിനേഷനിൽ എത്തിയിരുന്നു. ശ്രുതി, റെനീഷ, സെറീന, ശോഭ, ഒമർ ലുലു, ജുനൈസ്, ഷിജു എന്നിവരാണ് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. അതിൽ ഷിജുവിനെ കഴിഞ്ഞ ദിവസം തന്നെ മോഹൻലാൽ സെയ്ഫാണെന്ന് അറിയിച്ചിരുന്നു. ഇത്തവണ ആദ്യം തന്നെ ശ്രുതി സെയ്ഫാണ് എന്ന് മോഹൻലാൽ അറിയിച്ചു. അതിന് പിന്നാലെ ശോഭ സെയ്ഫാണ് എന്ന് മോഹൻലാൽ അറിയിച്ചു. പിന്നീട് റെനീഷയും സെയ്ഫാണെന്ന് മോഹൻലാൽ അറിയിച്ചു.
പിന്നീട് സെറീനയും, ഒമറും, ജുനൈസും ആണ് അവശേഷിച്ചത്. ഇവർക്ക് ഒരോരുത്തർക്കും ഒരോ കുക്കീസ് നൽകി. അത് സാഗറും, ശോഭയും, റെനീഷയും പൊളിച്ച് നോക്കി. പിന്നീട് ആരാണ് പുറത്താണ് പോകുക എന്ന് മോഹൻലാൽ വീട്ടിലുള്ളവരോട് ചോദിച്ചു. കൂടുതൽപ്പേർ ഒമറിൻറെ പേരാണ് പറഞ്ഞത് രണ്ടാം സ്ഥാനത്ത് ജുനൈസും. ഒടുവിൽ ശോഭ അത് വെളിപ്പെടുത്തി ഒമറിൻറെ പേരാണ് എവിക്ടായത്. അവസാനം പോകുന്നതിന് മുൻപ് ശോഭയുമായി ചേർന്ന് കളിക്കാൻ മിഥുന് ഉപദേശം നൽകാനും ഒമർ മറന്നില്ല. ഒപ്പം തന്നെ തമാശയ്ക്ക് ജുനൈസിനെയും ശോഭയെയും പൂളിൽ ഇടുകയും ചെയ്തു ഒമർ.
‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമർ ലുലു. ഒമർ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്. ‘ഹാപ്പി വെഡ്ഡിംഗി’ന് ശേഷം സംവിധാനം ചെയ്‍ത ‘ചങ്ക്സും’ വൻ ഹിറ്റായി മാറി. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ഗാനം വൻ ഹിറ്റായി മാറിയത് ഒമർ ലുലുവിനെ രാജ്യത്തിന്റെയാകെ ശ്രദ്ധയിലെത്തിച്ചു. ‘ധമാക്ക’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഒമർ ലുലുവിന്റേതായി ഏറ്റവും അവസാനമായി എത്തിയത് ‘നല്ല സമയം’ ആയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‍ലർ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ ചിത്രം തിയറ്ററിൽ നിന്ന് പിൻവലിച്ചിരുന്നു.
എന്നാൽ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സിനു സിദ്ധാർഥായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ബാബു ആന്റണി ചിത്രമായി ‘പവർ സ്റ്റാർ’ ഒമർ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.