NEWSWorld

റാന്നിയുടെ മകൾ ഇനി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ

റാന്നി : ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി  റാന്നിയുടെ മകൾ അലീന.പത്തനംതിട്ട റാന്നി  സ്വദേശിയും ബ്രിട്ടനിലെ  മുൻ മേയറുമായ ടോം ആദിത്യയുടെ മകളാണ് അലീന. അമ്മ ലിനി എരുമേലി മഞ്ഞാങ്കൽ കല്ലമ്മാക്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകളാണ്.
18 വയസ് പൂർത്തിയായ അലീന കന്നിയങ്കത്തിൽ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറെന്ന ബഹുമതി ഈ മലയാളി പെൺകുട്ടിക്ക് സ്വന്തമായിരിക്കുകയാണ്. മുതിർന്ന മുൻ മേയർമാരായ രണ്ട് പേരുമായി ബ്രിസ്റ്റോൾ ബ്രാഡ്ലി വാർഡിലാണ് അലീന മത്സരിച്ചത്. കൺസർവേറ്റീവുകൾ കനത്ത തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ ഈ വിജയത്തിന് മധുരം ഏറെയാണെന്ന് അലീനയുടെ പിതാവ് ടോം ആദിത്യ പറഞ്ഞു.
പ്ലസ് ടു  പഠനം പൂർത്തിയാക്കി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ച്ചർ പഠനത്തിനൊരുങ്ങുകയാണ് അലീന. മുമ്പ് മേയർ, ഡെപ്യൂട്ടി മേയർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ടോം ആദിത്യ സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2002- ലാണ് ടോം ആദിത്യയും കുടുംബവും  ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കിൽ സ്ഥിരതാമസമാക്കിയത്. അഭിഷേക്, ആൽബർട്ട്, അഡോണ, അൽഫോൺസ് എന്നിവരാണ് മറ്റ് മക്കൾ.

Back to top button
error: