LocalNEWS

വന്ദേഭാരതിനായി സമയമാറ്റം; കോട്ടയം പാതയിൽ റെയിൽയാത്ര അതിദുരിതം

കോട്ടയം:വന്ദേഭാരതിനെ ഏറ്റവും നല്ല മനസ്സോടുകൂടിയാണ് യാത്രക്കാർ എതിരേറ്റത് എന്നതിന്റെ തെളിവുകളാണ് റിസർവേഷൻ ചാർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മറ്റു ട്രെയിനുകളെ ആശ്രയിക്കുന്നവരുടെയും സ്ഥിരം യാത്രക്കാരുടെയും സമയത്തിന് യാതൊരു പ്രാധാന്യവും റെയിൽവേ നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
 വന്ദേഭാരതിനായി പാലരുവിയുടെ കോട്ടയം സമയം പുലർച്ചെ 06 55 ലേയ്ക്ക് മാറ്റിയതോടെ റെയിൽവേ കടുത്ത ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിച്ചത്. ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ്  സ്റ്റേഷനുകളിൽ എത്തിച്ചേരാൻ കഴിയാതെ എറണാകുളത്തും മറ്റും ജോലി നോക്കുന്നവർ ഇപ്പോൾ ജോലി ഉപേക്ഷിക്കേണ്ട ഗതികേടിലാണ്.
വന്ദേഭാരതിന് വേണ്ടി വേണാട്  10 മിനിറ്റ് വൈകിയാണ് ഇപ്പോൾ രാവിലെ പുറപ്പെടുന്നത്.അതുകൊണ്ട് തന്നെ രാവിലെ എറണാകുളത്ത് ഓഫീസ് സമയം പാലിക്കുവാൻ ഏക ആശ്രയമായ പാലരുവിയിലെ ജനറൽ കോച്ചുകളിൽ  യാത്രക്കാർ  തിങ്ങിഞെരിയുകയാണ്.പാലരുവി പിടിക്കണമെങ്കിൽ ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം ഭാഗത്തുനിന്നുള്ള യാത്രക്കാർ സൂര്യനുദിക്കും മുമ്പേ വീടുകളിൽ നിന്ന് പുറപ്പെടേണ്ട അവസ്ഥയുമാണുള്ളത്.
വന്ദേഭാരതിന് വേണ്ടി പാലരുവി വൈകുന്നില്ല എന്ന് റെക്കോർഡുകളിൽ വരുത്തിതീർക്കുവാൻ കൊല്ലത്ത് നിന്ന് 10 മിനിറ്റ് മുമ്പേ പുറപ്പെടുന്ന വിധമാണ് സമയം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പോരാതെ 15 മിനിറ്റിൽ ഓടിക്കയറേണ്ട തൃപ്പൂണിത്തുറ – എറണാകുളം ടൗൺ ദൂരത്തിന് റെയിൽവേ ഇപ്പോൾ നൽകിയിരിക്കുന്നത് 40 മിനിറ്റാണ്. ഡെസ്റ്റിനേഷൻ പോയിന്റുകളിൽ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ അധികസമയം നൽകി ഇടക്കുള്ള പിടിച്ചിടലിൽ നിന്ന് മുഖം രക്ഷിക്കാനാണ് ഇതുവഴി  റെയിൽവേയുടെ ശ്രമം.
വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ ഓഫീസ് സമയം കഴിഞ്ഞിരിക്കും പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂർ ഇടവേളയാണുള്ളത്.അതേപോലെ
വേണാടിന് തൃപ്പണിത്തുറയ്ക്കും എറണാകുളം ജംഗ്ഷനും ഇടയിൽ 40 മിനിട്ടാണ് നൽകിയിരിക്കുന്നത്. അതുപോലെ വടക്കാഞ്ചേരിയ്ക്കും ഷൊർണൂരിനും ഇടയിൽ 50 മിനിറ്റ് സമയമാണ് നൽകിയിരിക്കുന്നത്. ഫലത്തിൽ ഒരു മണിക്കൂറിലേറെ വേണാട് വൈകി ഓടിയാലും ഷൊർണൂർ ജംഗ്ഷനിൽ കൃത്യസമയം പാലിക്കും.ട്രെയിനുകൾ വൈകുന്നില്ലെന്ന് കാണിക്കാൻ ഈ‌ കണക്കാണ് റയിൽവെ ഉയർത്തിക്കാട്ടുന്നത്..വന്ദേഭാരതിനു വേണ്ടി ബഫർ ടൈമുകൾ കൂട്ടി മറ്റ് ട്രെയിനുകൾ സമയക്രമം പാലിക്കുന്നതായി വരുത്തിത്തീർക്കുകയാണ് യഥാർത്ഥത്തിൽ ഇപ്പോൾ  റയിൽവെ ചെയ്തുകൊണ്ടിരിക്കുന്നത്.ഫലത്തിൽ ഇത് മറ്റു യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്.

Back to top button
error: