കോഴിക്കോട്: പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ( 26 ) ആണ് ബ്രൗൺ ഷുഗറുമായി ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌കോടിന്റെയും കസബ പൊലീസിന്റെയും പിടിയിലായത്. മാങ്കാവിലും പരിസര പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപന സജീവമാകുന്നുണ്ടെന്ന ഡാൻസഫ് സ്‌കോഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃതത്തിൽ കസബ പോലീസും ഡാൻസഫ് സ്‌കോഡും തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം.
മുമ്പ് നിരവധി തവണ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട സിനാൻ ചില്ലറ വിൽപ്പനയ്ക്കായി ബ്രൗൺ ഷുഗറുമായി പൊലീസിന്റെ വലയിലാവുകയും എന്നാൽ പിടികൂടുന്നതിനിടെ ഇയാൾ പൊലീസിനെ പരിക്കേല്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി. ഇയാളിൽ നിന്ന് കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച 5 മില്ലി ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. പിന്നീട് അറസ്റ്റ് ചെയ്തു. പൊലീസിനെ അക്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആക്രമണം കാണിക്കുന്ന ഇത്തരക്കാരെ പലപ്പോഴും പൊലീസ് ജീവൻ പണയം വെച്ചാണ് പിടികൂടുന്നത്. ഇയാൾ പതിവായി കണ്ണൂർ കാസർഗോഡ് ഭാഗങ്ങളിൽ നിന്നുമാണ് ലഹരി മരുന്നെത്തിക്കുന്നതെന്നും ഇതിന്റെ കണ്ണികളെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എസ്.സി.പി.ഒ അഖിലേഷ്. കെ, സി.പി.ഒ സുനോജ് കാരയിൽ, ജിനേഷ് ചൂലൂർ, അർജുൻ കസബ സബ് ഇൻസ്‌പെക്ടർ ജഗത് മോഹൻ ദത്, ദിവ്യ വി.യു സി.പി.ഒ ബനീഷ്, അനൂപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.