Movie

മോഹൻലാൽ നായകനായ അരവിന്ദന്റെ ‘വാസ്‌തുഹാര’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 32 വർഷം.

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

     അരവിന്ദന്റെ അവസാനചിത്രം ‘വാസ്‌തുഹാര’ റിലീസ് ചെയ്‌തിട്ട് 32 വർഷം. 1991 മെയ് 3 നാണ് സിവി ശ്രീരാമന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയ മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തിയത്. അരവിന്ദനൊപ്പം സിവി ശ്രീരാമനും എൻ മോഹനനും സംഭാഷണമെഴുത്തിൽ പങ്കാളികളായി.  അഭയാർത്ഥികളുടെ കഥയാണ് ‘വാസ്‌തുഹാര'(ഇടം നഷ്‌ടപ്പെട്ടവർ)യിലൂടെ   പറഞ്ഞത്. പശ്ചിമ ബംഗാളിൽ ‘തലയ്ക്ക് മീതെ ശൂന്യാകാശവുമായി’ ജീവിക്കുന്ന അഭയാർത്ഥികളുടെ ജീവിതം പ്രതിഫലിക്കുന്ന ചിത്രം ഒരർത്ഥത്തിൽ ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ ജീവിതമാണ്  ആവിഷ്ക്കരിച്ചത്.

Signature-ad

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേയ്ക്ക് അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് വേണു (ലാൽ). 1971 ലാണ് കഥ നടക്കുന്നത്. ബംഗാളിലെ റാണാഘട്ടിലെ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥികൾക്ക് ജീവിതം അക്ഷരാർത്ഥത്തിൽ ദുരിതപൂർണ്ണമാണ്. വേണുവിന് ഇത് സ്വന്തം ദുഃഖം കൂടിയാണ്. കിഴക്കൻ ബംഗാളിൽ നിന്നും വന്നൊരു സ്ത്രീ വേണുവിനെ കണ്ട് മുറിമലയാളത്തിൽ സ്വന്തം കഥ പറയുന്നു. വേണു കുട്ടിയായിരിക്കുമ്പോൾ നാട് വിട്ടുപോയ അമ്മാവന്റെ ഭാര്യയാണവർ. അമ്മാവൻ കോളറ പിടിപെട്ട് മരിച്ചതിന് ശേഷം ഭാര്യയുടെ ജീവിതം ക്ളേശകരമാണ്.

വേണു കേരളത്തിലേയ്ക്ക് വന്ന് അമ്മാവന്റെ ഭാര്യയെ കണ്ടെത്തിയ കാര്യം വീട്ടുകാരോട് പറഞ്ഞു. അമ്മാവനെ പണ്ട് സ്നേഹിച്ചിരുന്ന ഭവാനി അമ്മായിക്ക് ആ ബംഗാളി സ്ത്രീയെ സഹായിക്കാൻ താൽപര്യം. ഭർത്താവ് ആത്മഹത്യ ചെയ്‌തതിന്‌ ശേഷം വിഷാദാത്മക ജീവിതം നയിക്കുകയാണ് ഭവാനി അമ്മായി. വേണു കൽക്കട്ടയിലേയ്ക്ക് തിരികെ ചെന്ന് അമ്മാവന്റെ ഭാര്യയെ കണ്ട് വീട്ടുകാരുടെ സഹായം വാഗ്ദാനം ചെയ്യുമ്പോൾ അവർ നിരസിച്ചു. പണ്ടില്ലാതിരുന്ന സഹായം ഇപ്പോൾ വേണ്ട.

അവരെ കൂടാതെ വേണു മറ്റ് അഭയാർത്ഥികളുമായി ആൻഡമാനിലേയ്ക്ക് യാത്ര തിരിക്കുന്നു. അത് പുതിയൊരു പുലരിയിലേയ്ക്കുള്ള യാത്രയാണോ? ആവാം; ആവണമെന്നില്ല.

മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന അവാർഡുകൾ ‘വാസ്‌തുഹാര’ ചിത്രം നേടി. സലീൽ ചൗധരിയുടേതായിരുന്നു പശ്ചാത്തല സംഗീതം. ചിത്രം നിർമ്മിച്ച രവീന്ദ്രനാഥ് പിന്നീട് നിർമ്മിച്ച ചിത്രമാണ് ‘പൊന്തൻമാട’.

Back to top button
error: