ന്യൂഡൽഹി:മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് ഒരേ കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് ദാരുണമായ അപകടം നടന്നത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മുളകൾ നിറച്ച ട്രാക്ടർ ട്രോളിയിൽ വേഗതയിൽ എത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എസ്യുവി ഓടിച്ചിരുന്ന കൈലാഷ് (45), ഭാര്യ നീതു (38), ദുഖി (43), ഗുഡ്ഡി (40), റാണി (11) എന്നിവരാണ് മരിച്ചത്.ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് ഡൽഹിയുടെ അതിർത്തി പ്രദേശമായ ഗാസിപൂരിലേക്ക് എസ്യുവിയിൽ പോകുകയായിരുന്നു കുടുംബം.രാത്രി 11.30ന് ഖദരംപൂർ ഗ്രാമത്തിന് സമീപം വച്ച് ട്രാക്ടർ ട്രോളിയിൽ ഇടിക്കുകയായിരുന്നു.
ഇരുട്ടായതിനാൽ ട്രോളിയിൽ നിന്ന് മുളകൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് ഡ്രൈവർ കണ്ടില്ല.കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ റൂഫ് പാനൽ തെറിച്ചു പോയി. വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരുടെയും നെഞ്ചിലേക്ക് മുളകൾ തുളച്ചുകയറിയാണ് മരിച്ചത്.