ദൃശ്യം സീരീസ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് മലയാളികളെ ‘റാം’ എന്ന ചിത്രത്തിലേക്ക് ആകർഷിച്ച ഘടകം. ട്വൽത്ത് മാനിന് മുമ്പ് ഷൂട്ടിംഗ് തുടങ്ങിയ ചിത്രമാണ് റാം. എന്നാൽ കൊവിഡ് മഹാമാരി കാരണം ചിത്രീകരണം നിർത്തിവയ്ക്കുകയും ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും ആരംഭിക്കുകയും ചെയ്തു. റാമുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസും ഡിജിറ്റൽ റൈറ്റുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന റാം, ഈ വർഷം ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ റെക്കോർഡ് തുകയ്ക്ക് വാങ്ങിയെന്നാണ് വിവരമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. ഓണം റിലീസ് ആയി ചിത്രം എത്തുമെന്ന് അറിഞ്ഞതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ഇന്ദ്രജിത്ത്, ദുർഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാർ, വിനയ് ഫോർട്ട് തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിടുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. രാജസ്‍ഥാനിൽ ആയിരുന്നു ഷൂട്ടിംഗ്. ഇവിടുത്തെ ഷെഡ്യൂൾ അടുത്തിടെ പൂർത്തിയായിരുന്നു.
Big deal! @Mohanlal’s eagerly awaited #JeethuJoseph directed #Ram 1&2 digital deal snapped for a record price by market leader #AmazonPrimeVideo? #Ram1 to hit theatres #Onam2023! pic.twitter.com/SVhFmvfzLT
— Sreedhar Pillai (@sri50) May 1, 2023
‘കൂമൻ’ എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ആസിഫ് അലിയാണ് ചിത്രത്തിൽ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.