മലപ്പുറം: മുസ്ലിം ലീഗ് നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീം കോടതി വിധി ചരിത്രപരമായ തീരുമാനമാണ്. നീതിന്യായ സംവിധാനത്തോടുള്ള ബഹുമാനം ഇരട്ടിപ്പിക്കുന്ന തീരുമാനമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ന്യൂന പക്ഷ സമൂഹത്തിനു നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വർധിച്ചു. ലീഗ് ജനാധിപത്യ മതനിരപേക്ഷ പാർട്ടിയാണെന്നു അരക്കിട്ടുറപ്പിക്കുന്ന വിധിയെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് യുപിയിൽ നിന്നുള്ള സൈദ് വസീം റിസ്വി എന്നയാളാണ് ഹർജി നൽകിയത്. യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനാണ് റിസ്വി. പിന്നീട് ഇയാൾ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഇയാൾ ഹർജിയിലൂടെ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയിൽ ഉന്നയിച്ചിരുന്നു.
മുസ്ലിം ലീഗ്, എംഐഎം എന്നീ പാർട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെക്കൂടി കക്ഷികളാക്കുന്നില്ല എന്ന ചോദ്യം മുസ്ലിം ലീഗ് ഉന്നയിച്ചു. ബിജെപി താമര ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു ചിന്നമാണെന്ന വാദവും മുസ്ലിം ലീഗ് ഉന്നയിച്ചു. എംഐഎമ്മിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാൽ സമാന ഹർജി ദില്ലി ഹൈക്കോടതിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ ഹർജി പരിഗണനയിലിരിക്കെ സുപ്രീംകോടതിയിൽ കൂടി വരുന്നത് ശരിയല്ല, സാങ്കേതികമായി ഹർജി നിലനിൽക്കില്ലെന്ന് കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.