CrimeNEWS

എയർപോർട്ടിൽ ആപ്പിൾ ജ്യൂസിനെ ചൊല്ലി തർക്കം, ജീവനക്കാരെ ആക്രമിച്ച് 19 കാരി; യുവതിക്കെതിരെ കേസെടുത്തു

പ്പിൾ ജ്യൂസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് എയർപോർട്ട് ജീവനക്കാരെ ആക്രമിച്ച 19 -കാരിയായ യുവതിക്കെതിരെ കേസെടുത്തു. അരിസോണയിലെ ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് സംഭവം. മൂന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്റുമാരെയാണ് യുവതി ആക്രമിച്ചത്. എയർപോർട്ട് ജീവനക്കാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

അർക്കൻസാസ് സ്വദേശിനിയായ മക്കിയ കോൾമാൻ എന്ന യുവതിയാണ് സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. വലിയ അളവിലുള്ള പാനീയങ്ങൾ അനുവദനീയമല്ലാത്തതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ കൈവശമുണ്ടായിരുന്ന ആപ്പിൾ ജ്യൂസ് എടുത്തുകൊണ്ടുപോയതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇതിനെ തുടർന്ന് ജീവനക്കാരുമായി വാക്ക് തർക്കവും തുടർന്ന് ദേഷ്യം കയറിയ യുവതി ജീവനക്കാരെ ആക്രമിക്കുകയും ആയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ കയ്യിൽ നിന്നും വാങ്ങിവച്ച ആപ്പിൾ ജ്യൂസ് ഇവർ തിരികെ എടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

അക്രമാസക്തയായ യുവതി ഒരു ജീവനക്കാരനെ കടിക്കുകയും മറ്റു രണ്ടു ജീവനക്കാരുടെ തലയിൽ ഇടിക്കുകയും തലമുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു എന്നാണ് ജീവനക്കാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി അക്രമാസക്ത ആയതോടെ എയർപോർട്ടിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ പൊലീസിനോട് പറഞ്ഞു.

450 ഓളം വരുന്ന മറ്റു യാത്രക്കാരുടെ സുരക്ഷാ പരിശോധനകൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നതായും എയർപോർട്ട് ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന് ഇരയായ ജീവനക്കാർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: