
കൊച്ചി: എറണാകുളം ആലുവയിൽ 28 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. ഗ്രേഡ് എസ്ഐ സാജനെ റിമാൻഡ് ചെയ്തു.
കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിലാകുന്നത്. ആലുവ സ്വദേശികൾക്ക് വേണ്ടിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എസ്ഐയുടെ മകനാണെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ പ്രതിയായ ഇയാളുടെ മകൻ നവീൻ വിദേശത്തേക്ക് കടന്നിരുന്നു. അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് തന്ത്രപരമായാണ് മകനെ പൊലീസ് തിരികെ നാട്ടിലെത്തിച്ചത്. നവീനെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും. സാജൻ ഈ മാസം സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യേണ്ടതായിരുന്നു.