കാസർകോട്:വഴിത്തർക്കത്തിനിടയിൽ വയറ്റത്ത് ചവിട്ടേറ്റ ഗര്‍ഭിണിയും നവജാതശിശുവും പ്രസവത്തെതുടര്‍ന്ന് മരണപ്പെട്ടു. ഓട്ടോ ഡ്രൈവറായ
ചെമ്മനാട് വള്ളിയോട് ഹൗസില്‍ നാസറിന്റെ ഭാര്യ ഖൈറുന്നീസ(32)യും നവജാത ശിശുവുമാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടത്.
ഗര്‍ഭിണിയായിരിക്കെ അമ്മക്കും കുഞ്ഞിനുമുണ്ടായ ക്ഷതമാണ് അമിത രക്തസ്രാവത്തിനും മരണത്തിനും കാരണമെന്ന് ആശുപത്രി അധികൃതര്‍ പോലീസിൽ അറിയിച്ചിരുന്നു.
ഇന്നലെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖൈറുന്നീസയെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. വൈകീട്ട് 6 മണിയോടെ ഖൈറുന്നീസ പ്രസവിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ച നിലയിലായിരുന്നു. പിന്നാലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഖൈറുന്നീസയും മരണപ്പെട്ടു. ഖൈറുന്നീസയുടെ കുടുംബത്തിന്റെ പരാതിയിൽ മേല്‍പ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഏഴുമാസം ഗര്‍ഭിണിയായിരിക്കെ മാര്‍ച്ച് 7 നാണ് അതിര്‍ത്തി തർക്കത്തെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ അയല്‍വാസികളായ അബിദും സുഹൃത്ത് സല്‍മാനും ഖൈറുന്നീസയെ അക്രമിക്കുകയും വയറ്റത്ത് ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.