KeralaNEWS

ശബരി റെയില്‍ പാതയ്ക്ക് പാരയായി ചെങ്ങന്നൂർ-ശബരിമല പാത

എരുമേലി: തീര്‍ത്ഥാടകര്‍ക്കും മലയോര മേഖലയ്ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ശബരി റെയില്‍ പാതയ്ക്ക് തുരങ്കം വയ്ക്കാന്‍ ഗൂഢനീക്കം.ശബരിക്ക് പകരം 12,000 കോടി ചെലവില്‍ ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് എലവേറ്റഡ് പാത വേണമെന്നാണ് നിലവിൽ മുറവിളി.
ശബരി റെയിൽപ്പാതയ്ക്കായി 264 കോടി ചെലവിട്ടു കഴിഞ്ഞു100 കോടി ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിലും ഉള്‍പ്പെടുത്തി.അതേസമയം എട്ട് കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനാണ് ചെങ്ങന്നൂര്‍-പമ്ബ പാത വന്നാല്‍ ഓടിക്കുക.പമ്ബാ തീരംവഴി ആകാശപ്പാത നിര്‍മ്മിച്ച് തീർത്ഥാടകരെ‌ പമ്ബയിലെത്തിക്കും. ചെങ്ങന്നൂരില്‍ നിന്ന് ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, അട്ടത്തോട് വഴി പമ്ബയില്‍ എത്തും.ആറന്മുളയില്‍ മാത്രമേ സ്റ്റോപ്പുണ്ടാവൂ.ഇതുവഴി തീർത്ഥാടകർക്കല്ലാതെ മറ്റാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല.തന്നെയുമല്ല മണ്ഡലകാലത്ത് മാത്രമാണ് തീർത്ഥാടകരുടെ തിരക്കുണ്ടാകുക എന്നതിനാൽ പാത നഷ്ടവുമാകും.
അങ്കമാലി – എരുമേലി പാത 111 കിലോമീറ്ററാണ്.ചെങ്ങന്നൂര്‍ – പമ്ബ പാത 60 കിലോമീറ്ററും.50 കിലോമീറ്റര്‍ ലാഭിക്കാമെന്നാണ് വാദം.പക്ഷേ തീര്‍ത്ഥാടനകാലത്ത് മാത്രമേ പമ്ബ പാത പ്രയോജനപ്പെടൂ.എരുമേലിയില്‍ ട്രെയിനെത്തുകയുമില്ല.ഭൂരിഭാഗം തീർത്ഥാടകരും എരുമേലിയിൽ എത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്.
കാല്‍നൂറ്റാണ്ട് മുന്‍പ് 517 കോടിക്ക് വിഭാവനം ചെയ്ത ശബരി റെയിലിന് പുതിയ എസ്റ്റിമേറ്റ് 3,744 കോടിയാണ്. ഇതുവരെ 264 കോടി ചെലവിട്ടു. സ്ഥലം ഏറ്റെടുപ്പിനുള്ള 1,872 കോടി കിഫ്ബി വഴി സംസ്ഥാനം നല്‍കും. അങ്കമാലി-കാലടി റൂട്ടില്‍ ഏഴ് കി.മീ റെയില്‍പാതയും പെരിയാറില്‍ മേല്‍പ്പാലവും നിര്‍മ്മിച്ചു. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കി. ഡി.പി.ആര്‍ അംഗീകരിച്ചാല്‍ ബാക്കി ഭൂമി ഏറ്റെടുക്കാം.ഇത്രയും തുക ചെലവവാക്കിയ ശേഷം മറ്റൊരു പാതയ്ക്കായുള്ള നീക്കം മലയോരവികസനം അട്ടിമറിക്കാനാണെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.
അങ്കമാലി-എരുമേലി പാത വന്നാൽ അത് ശബരിമല തീർഥാടകർക്കൊപ്പം ആയിരക്കണക്കിന് മലയോര ജനതയ്ക്കും പ്രയോജനം ചെയ്യും.പിന്നീടിത് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ വഴി തിരുവനന്തപുരത്തേക്ക് നീട്ടാനും സാധിക്കും.ഇതോടെ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള പാതയ്ക്കൊപ്പം മറ്റൊരു പാത കൂടി കേരളത്തിന് ലഭിക്കും.റയിൽവെ ഇല്ലാത്ത ഇടുക്കി ജില്ലയ്ക്കും ഇത് പ്രയോജനം ചെയ്യും.നാളെ എരുമേലിയിൽ നിന്ന് തേനിയിലേക്കുള്ള മറ്റൊരു പാതയ്ക്കും വഴി തുറന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: