തൃശ്ശൂർ: പരാതി നൽകുന്ന കെ എസ് ആർടി സി ജീവനക്കാർക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതു കാരണം വരുമാനത്തിൽ കുറവുണ്ടാകുന്നതായി കെഎസ്ആർടിസി. എം ഡി കമ്മീഷനെ അറിയിച്ച സാഹചര്യത്തിലായിരുന്നു പരാമർശം.
അതേസമയം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെങ്കിൽ അടിയന്തിരമായി ലഭ്യമാക്കാൻ കെഎസ്ആർടിസി എം ഡി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി കെ. ബീനാകുമാരി ആവശ്യപ്പെട്ടു. 2018 സെപ്റ്റംബറിലെ ചില ദിവസങ്ങളിൽ ശമ്പളം ലഭിച്ചിട്ടില്ലെന്നാരോപിച്ച് കെ എസ് ആർ ടി സി. തൃശൂർ ഡിപ്പോയിലെ ആറ് ഡ്രൈവർമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷൻ കെ എസ് ആർടി സി, എംഡിയിൽ നിന്ന് റിപ്പോർട്ട്ആവശ്യപ്പെട്ടു. പരാതിക്കാർ മുൻകൂർ അനുമതിയില്ലാതെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതു കാരണമാണ് ശമ്പളം നൽകാൻ കഴിയാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കമ്മീഷൻ നിർദ്ദേശാനുസരണം അവധി പാസാക്കി കുടിശ്ശിക ബില്ലുകൾ തയ്യാറാക്കി 2022 ഒക്ടോബർ ഏഴിന് മുഖ്യ കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർക്ക് നിയമാനുസൃതം ലഭ്യമാകേണ്ട തുക നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.