ഇടുക്കി: ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തന്‍റെ ഡിജിറ്റൽ ഒപ്പ് ദുരുപയോഗപ്പെടുത്തി ബിൽ മാറിയതടക്കമുള്ള പരാതികളുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി നൽകി. ഇടുക്കിയിലെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലാണ് സംഭവം. പരാതിയില്‍ അന്വേഷണം നടത്താൻ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ടു.
റെക്കോഡ് ഭൂരിപക്ഷത്തിൽ പത്ത് വർഷമായി യുഡിഎഫ് ഭരിച്ച ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. സിപിഎമ്മിലെ കെ ടി കുഞ്ഞാണ് പ്രസിഡൻ്റ്. എം കെ ദിലീപാണ് സെക്രട്ടറി. സെക്രട്ടറിയും ചില ഭരണകക്ഷി അംഗങ്ങളും ഉദ്യോഗസ്ഥരും എകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണെന്നാണ് പ്രസിഡൻ്റിന്‍റെ പ്രധാന പരാതി. വികസന ക്ഷേമകാര്യ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തന്‍റെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് താൻ അറിയാതെ അനുമതി നൽകുന്നു. ബില്ലുകൾ പാസാക്കുന്നു. ടെൻഡർ പരസ്യം രഹസ്യമാക്കി വച്ചു കരാറുകാരുമായി ധാരണയുണ്ടാക്കി രണ്ടു കരാറുകാർക്ക് ഒന്നേകാൽ കോടി രൂപയുടെ പണികൾ നൽകിയെന്നും പ്രസിഡൻറിൻ്റെ പരാതിയിലുണ്ട്.
ദൈനംദിന കാര്യങ്ങൾ പ്രസിഡൻറിനെ അറിയിക്കാറില്ല. ചെലവുകൾ സംബന്ധിച്ച ബില്ലുകളും രേഖകളും പ്രസിഡൻറിൻറെ അനുമതി വാങ്ങാതെ സെക്രട്ടറി മാറുന്നു. എന്നിങ്ങനെ പത്ത് കാര്യങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിലെ ജോയിൻറ് ഡയറക്ടർ ജി കൃ ഷ്ണകുമാർ, ഇടുക്കി ജില്ലയിലെ ഐവി മാരായ എം എസ് സുരേഷ്, അബ്ദുൽ സമദ് എന്നിവരാണ് പരാതിയിൽ അന്വേഷണം നടത്തുന്നത്. സംഭവം വിവാദമായതോടെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി സിപിഎം നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.