KeralaNEWS

തുടക്കം മുതലേ പിഴച്ച് പ്രധാനമന്ത്രിയുടെ കൊച്ചിയിലെ പരിപാടി

കൊച്ചി:ബി.ജെ.പി അതിന്റെ അവസാനത്തെ ‘തുരുപ്പ് ചീട്ടും’ ഉപയോഗിച്ചാണിപ്പോള്‍ കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത്.സാക്ഷാല്‍ നരേന്ദ്ര മോദിയെ തന്നെയാണ് അവർ അതിനായി കേരളത്തിലേക്ക് കൊണ്ടുവന്നതും.
മറ്റു സംസ്ഥാനങ്ങളില്‍ പയറ്റി വിജയിച്ച ഹിന്ദുത്വവാദം കേരളത്തില്‍ ഏശില്ല എന്ന തിരിച്ചറിവിൽ ക്രൈസ്തവരെയും യുവാക്കളെയും ഒക്കെ കൂട്ടുപിടിച്ചായിരുന്നു മോഡിയുടെ കേരളാ സന്ദർശനവും.ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്തുകയും ഹിന്ദു സമുദായത്തിലെ യുവത്വത്തില്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്താല്‍ അത് കേരളത്തില്‍ വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് സാധ്യമാകുമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെയും കണക്കുകൂട്ടൽ.
വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ മുന്‍പേ തന്നെ കേരളത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന സംവിധാനങ്ങളെ പോലും മോദിയുടെ വിഷുകൈനീട്ടമായി ചിത്രീകരിച്ച്‌ നടത്തുന്ന പ്രചരണ തന്ത്രങ്ങളും കൊച്ചിയില്‍ നടത്തിയ മോദിയുടെ റോഡ് ഷോയും യുവം പരിപാടിയും എല്ലാം സംസ്ഥാനത്ത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ സംഘടിപ്പിക്കപ്പെട്ടവയാണ്.എന്നാൽ തുടക്കം മുതലേ
 പരിപാടി ചീറ്റുകയായിരുന്നു.കഴിഞ്ഞതവണ നെടുമ്പാശ്ശേരിയിൽ സംഘടിപ്പിച്ച പ്രധാനമന്ത്രി‌യുടെ പരിപാടിയിൽ ആളുകൾ കുറഞ്ഞതിന് ഏറെ പഴികേട്ട സംസ്ഥാന ബിജെപി നേതൃത്വം തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്ന് കൊച്ചിയിൽ ആളെ ഇറക്കിയിരുന്നു ഒന്നര ലക്ഷം പേര്‍ രജിസ്‌റ്റര്‍ ചെയ്‌ത യുവം പരിപാടിയില്‍ പക്ഷെ 20000 പേരെ ഉള്‍ക്കൊള്ളാനേ സദസിനു കഴിഞ്ഞുള്ളൂ.പതിനായിരങ്ങള്‍ പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ കാണാന്‍ വഴിവക്കില്‍ നിരന്നെങ്കിലും ‍ ഇവർക്കും സദസിലേക്കു വരാന്‍ അനുമതിയുണ്ടായിരുന്നില്ല.
യുവം പരിപാടിയിൽ പങ്കെടുക്കാൻ,അധ്യാപകർക്കൊപ്പം യൂണിഫോം അണിഞ്ഞെത്തിയ  സ്‌കൂൾ-കോളജ്‌ വിദ്യാര്‍ഥികളുടെ സാന്നിധ്യം ശ്രദ്ധേയമായെങ്കീലും ഇവരിൽ പലർക്കും സദസ്സിൽ ഇരിപ്പടമുണ്ടായിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയില്‍ എത്തുന്നതിനു മുമ്ബ്‌ കീബോര്‍ഡില്‍ സ്‌റ്റീഫന്‍ ദേവസിയും പിന്നാലെ ക്ലാസിക്കല്‍ നൃത്തത്തില്‍ നവ്യാ നായരും കാഴ്‌ചക്കാരുടെ മനം കവര്‍ന്നെങ്കിലും. സുരക്ഷയുടെ പേരില്‍ എസ്‌.പി.ജി. ഇടപെട്ട് കലാവിരുന്ന്‌ അവസാനിപ്പിക്കുകയും ചെയ്തു.
അതിന് പുറകെയായിരുന്നു ഡിവൈഎഫ്ഐ ഉയർത്തിയ വെല്ലുവിളി.’യുവം’ പരിപാടിയുമായി എത്തിയ പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളാണ് ഡി.വൈ.എഫ്.ഐ ചോദിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ‘യങ് ഇന്ത്യ ആസ്‌ക്‌ ദ പിഎം’ യുവജനസംഗമത്തില്‍ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തതും.കാമ്ബയിനില്‍ ഡി.വൈ.എഫ്.ഐ ഉയര്‍ത്തിയ ചോദ്യങ്ങൾ ബിജെപിയെ പ്രതിരോധത്തിലുമാക്കി.
കേന്ദ്ര സര്‍വീസുകളില്‍ ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങളുണ്ടായിട്ടും അപ്രഖ്യാപിത നിയമനനിരോധം നടപ്പാക്കി യുവാക്കളെ തൊഴിലില്ലായ്‌മയിലേക്കും ചൂഷണത്തിലേക്കും തള്ളിവിടുന്നതെന്തിനാണെന്നതാണ് പ്രധാനമന്ത്രിയോടുള ആദ്യ ചോദ്യം. മതത്തിന്റെ പേരില്‍ പൗരന്മാരെ വേര്‍തിരിക്കുന്ന എന്‍പിആര്‍ പിന്‍വലിക്കുമോ എന്ന മറ്റൊരു സുപ്രധാന ചോദ്യവും സംഘടന ഉയര്‍ത്തിയിട്ടുണ്ട്. കര്‍ഷകസമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നടപ്പാക്കാത്തതെന്താണ് എന്നതാണ് ഡി.വൈ.എഫ് ഐ മുന്നോട്ട് വച്ച അടുത്ത ചോദ്യം. ‘ബേഠി പഠാവോ ബേഠി ബച്ചാവോ’ പദ്ധതി രാജ്യത്തിന്‌ എന്തുമാറ്റമുണ്ടാക്കിയെന്ന ചോദ്യത്തിനും മോദിയില്‍ നിന്നും ഡി.വൈ.എഫ്.ഐ മറുപടി തേടിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാവില്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണീ ഭരണം എന്നും അവര്‍ മോദിയോട് ചോദിക്കുന്നു.
ഇത്തരത്തില്‍ കേന്ദ്രനയങ്ങള്‍ക്കുനേരെ ചാട്ടുളിപോലെയുള്ള 100 ചോദ്യങ്ങളാണ് യങ് ഇന്ത്യ’ ക്യാമ്ബയിനിലൂടെ ഡി.വൈ.എഫ്.ഐ ഉയര്‍ത്തിയിരിക്കുന്നത് എവിടെ ജോലി? എവിടെ ജനാധിപത്യം? എന്നൊക്കെ എഴുതിയ പ്ലക്കാര്‍ഡുകളുമുയര്‍ത്തി ലക്ഷക്കണക്കിന് ഡി.വൈ.എഫ്.ഐക്കാര്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അത് പൊളിക്കാന്‍ ആവനാഴിയില്‍ അസ്ത്രമില്ലാതെ പകച്ചു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ബിജെപി.പ്രധാനമന്ത്രിയ്ക്കാകട്ടെ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സംവാദത്തിന് മുതിരാതെ പരിപാടി അവസാനിപ്പിക്കേണ്ടിയും വന്നു.
ഉത്തരേന്ത്യയിൽ നിന്ന് വരെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിന് ആളെ ഇറക്കേണ്ടി വന്ന ബിജെപിക്ക്  ഒറ്റ ദിവസം കൊണ്ട് എല്ലാ ജില്ലകളിലും ലക്ഷങ്ങളെ തെരുവില്‍ ഇറക്കി ഡിവൈഎഫ്ഐ മറുപടിയും കൊടുത്തു..ഒടുവിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർക്ക് പൊട്ടിത്തെറിക്കേണ്ടിയും വന്നു.
മുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷങ്ങളെ തെരുവില്‍ ഇറക്കി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യ ശൃംഖല തീര്‍ത്ത് ചരിത്രം സൃഷ്ടിച്ചതും ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള ഇടതു സംഘടനകളായിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെയും പരിവാര്‍ രാഷ്ട്രീയത്തിനെതിരെയും ഇങ്ങനെ നിരന്തരം കലഹിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്.അതേസമയം കോണ്‍ഗ്രസ്സിനാകട്ടെ അവര്‍ക്ക് സ്വാധീനവും ഭരണവുമുള്ള സംസ്ഥാനങ്ങളില്‍ പോലും കാര്യമായ പ്രതിഷേധം മോദി സര്‍ക്കാറിനെതിരെ ഉയര്‍ത്താന്‍ കഴിയാത്തത്ര പരിതാപകരമായ അവസ്ഥയിലുമാണ്. സംഘടനാപരമായ അവരുടെ ഈ ദൗര്‍ബല്യം തന്നെയാണ് കേരളത്തിലും ബി.ജെ.പി അനുകൂലമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിനു ലഭിക്കുന്ന ഹിന്ദു വോട്ടുകളും ക്രൈസ്തവ വോട്ടുകളും കൂടുതലായി ലഭിച്ചാല്‍ ഇവിടെയും മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് ബിജെപി കണക്കുകൂട്ടല്‍.
കോണ്‍ഗ്രസ്സിന്റെ ദയനീയ അവസ്ഥയും പ്രതിപക്ഷത്തെ അനൈക്യവുമാണ് കാവിപ്പടയുടെ ആത്മവിശ്വാസം ഇവിടെയും വര്‍ദ്ധിപ്പിക്കുന്നത്. ഇതിനെല്ലാം പുറമെ ബി.ജെ.പിയുടെ എതിരാളികള്‍ക്ക് പേടി സ്വപ്നമായി കേന്ദ്ര ഏജന്‍സികളും മാറി കഴിഞ്ഞു.ഡല്‍ഹി ഉപമുഖ്യമന്ത്രിവരെ ജയിലിലടക്കപ്പെട്ട കാലമാണിത്. ‘മടിയില്‍ കനമുള്ളവന്‍’ മാത്രമല്ല മടിയില്‍ കനമില്ലാത്തവനും ഇതെല്ലാം കണ്ടാല്‍ ശരിക്കും ഭയക്കും. ആ ഭയപ്പാടാണ് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്.എന്നാൽ ഇതെല്ലാം തന്നെ ചീറ്റുന്ന അവസ്ഥയാണ് കേരളത്തിൽ കണ്ടത്.

Back to top button
error: