കാസർകോട് ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോലിലെ കെ. ഉമേശ്കുമാറിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മലാംകുണ്ടിലെ സുരണ്യ(17) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. മാര്‍ച്ച് 20ന് വൈകിട്ടാണ് സുരണ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിന് മുകളില്‍ ജനലിനോട് ചേര്‍ന്ന് കെട്ടിയ നൈലോണ്‍ കയറില്‍ തുണികെട്ടി കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുകയും ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സുരണ്യയുടെ മരണം ആത്മഹത്യയാണെന്നാണ് തെളിഞ്ഞത്.
സ്വകാര്യബസ് കണ്ടക്ടര്‍ ഉമേശിന്റെ പേരെഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ശരണ്യയുടെ കിടപ്പുമുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും കണ്ടക്ടര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.