സ്വന്തം ബലഹീനതയെ തിരിച്ചറിയണം, അതാണ് ജീവിതവിജയത്തിന്റെ ആദ്യ ചുവട്
വെളിച്ചം
ആ ഗ്രാമത്തില്‍ ഒരു സ്ത്രീ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തന്റെ ഏകാന്തത മാറ്റാനായി അവര്‍ ഒരു പൂച്ചയെ വളര്‍ത്തി. അതവരുടെ സന്തതസഹചാരിയായി മാറി. അതിനെ ചിട്ടയോടും നിഷ്ഠയോടുമാണ് ആ സ്ത്രീവളര്‍ത്തിയത്. അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ പൂച്ച തീന്‍മേശപ്പുറത്ത് മെഴുകുതിരികാലുകളില്‍ പിടിച്ച് വെളിച്ചം കാണിക്കും.
തന്റെ പൂച്ചയുടെ ഈ സ്വഭാവവൈശിഷ്ട്യം മറ്റുളളവരെ കൂടി കാണിക്കണമെന്ന് സ്ത്രീക്ക് തോന്നി. അവര്‍ ഗ്രാമത്തിന് പുറത്തുള്ള തന്റെ സുഹൃത്തുക്കളെ അത്താഴത്തിന് ക്ഷണിച്ചു. അന്നും പൂച്ച മെഴുകുതിരിക്കാലുകളുമായി തീന്‍മേശയില്‍ ഇരുന്നു. മീനും ഇറച്ചിയും വിളമ്പിവെച്ചിരിക്കുന്ന തീന്‍മേശയില്‍ വളരെ അനുസരണയോടെ ആ പൂച്ച ഇരുന്നു. അത്ഭുതം തോന്നിയ വിരുന്നുകാര്‍ പൂച്ചയ്ക്ക് നേരെ മുഴുത്ത മീനും ഇറച്ചികഷ്ണവുമെല്ലാം കാണിച്ചു. പക്ഷേ, അത് അനങ്ങാതെ അവിടെ തന്നെയിരുന്നു. എല്ലാവര്‍ക്കും അത്ഭുതമായി. ആ സ്ത്രീ അഭിമാനം കൊണ്ട് പുളകിതയായി. അപ്പോഴാണ് ഒരെലി പെട്ടെന്ന് പുറത്തുനിന്ന് അകത്തേക്ക് ഓടിക്കയറിയത്. പൂച്ച കയ്യിലിരുന്ന മെഴുകുതിരി വലിച്ചെറിഞ്ഞ് എലിയുടെ മേലേക്ക് വീണു. കിട്ടിയമാത്രയില്‍ അതിനെ വായിലാക്കുകയും ചെയ്തു. പ്രത്യേകം പരിശീലിപ്പിച്ചു താന്‍ വളര്‍ത്തിയ പൂച്ചയില്‍ നിന്നും അവര്‍ ഇത് തീരെ പ്രതീക്ഷിച്ചില്ല. ലജ്ജയോടെ തലതാഴ്ത്തിയിരുന്ന് അവര്‍ ഒരു കാര്യം ഉരുവിട്ടു:
‘എലിയാണ് ഈ പൂച്ചയുടെ ബലഹീനത!’
എന്താണ് നമ്മുടെ ബലഹീനത? മറ്റുപല കാര്യങ്ങളിലും സാമര്‍ത്ഥ്യവും ജാഗ്രതയും ഉണ്ടെങ്കിലും ചില കാര്യങ്ങളില്‍ നിസ്സഹായതയും ബലഹീനതയും ഉണ്ടായെന്ന് വരാം. പരാജയങ്ങള്‍ക്ക് ഇതൊന്നുമാത്രം മതി. ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആത്മപരിശോധനയ്ക്ക് ഇടയ്ക്കിടെ വിധേയമാകുന്നത് നല്ലതാണ്. അപ്പോള്‍ മാത്രമേ നമ്മുടെ കുറവിനെ കണ്ടെത്തി പരിഹരിച്ച് ജീവിതവിജയം നേടാന്‍ആകൂ.
നാം നമ്മുടെ ബലഹീനതയെ തിരിച്ചറിയുക… ജീവിത വിജയത്തിന്റെ ആദ്യചുവടുകൾ അവിടെ നിന്നാണ് ആരംഭിക്കുന്നത്.
ആഹ്ലാദപൂർണമായ ചെറിയ പെരുനാൾ ആശംസകൾ.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ