KeralaNEWS

എസ്എൻ‌സി ലാവ്‌ലിൻ കേസ്: തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

ദില്ലി: എസ്.എൻ.സി. ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ ,സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്.

അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.

Signature-ad

കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിർദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.

പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ കെ ജി രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം കസ്തൂരിരംഗൻ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ കോടതി നോട്ടീസ് അയച്ചിരുന്നു

Back to top button
error: