കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്. പകല്‍ സമയത്തും ലോഡ് ഷെഡിങ് ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെയാണ് ഇരുട്ടടിയായി അപ്രഖ്യാപിത ലോഡ് ഷെഡിംഗും എത്തുന്നത്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക് കുതിക്കുകയാണെന്നതാണ് നിലവിലെ സാഹചര്യം. ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാതെ വഴിയില്ലന്ന് ഇലക്ടിസിറ്റി ബോർഡ്. വൈദ്യുതി ആവശ്യകത 5000 മെഗാവാട്ട് കടന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.
ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റ് ആയിരുന്നു . ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഈ മാസം പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണ്.
വൈകുന്നേരങ്ങളിൽ ഉപയോഗം കുറയ്ക്കണം ഉയർന്ന വില കൊടുത്താണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നതെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. വൈദ്യുതി ഉപയോഗം വല്ലാതെ വർധിച്ചിട്ടുണ്ട്. പലരും വൈകുന്നേരം വന്നിട്ടാണ് വാഷിംഗ് മെഷീൻ ഉൾപ്പെടെ ഉപയോഗിക്കുന്നത്. അത് നിർത്തിയാൽ നമുക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. നാല് ലൈറ്റ് കത്തുമ്പോൾ ഒരു ലൈറ്റ് ഓഫ് ചെയ്താൽ നിലവിലെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി നിർദ്ദേശിച്ചു. ജൂൺ 30നുള്ളിൽ മഴ ലഭിക്കും എന്നാണ് പ്രതീക്ഷ. ജൂൺ ഒന്നു വരെയുള്ള ഉത്പാദനം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപയോഗവും ക്രമാതീതമായി വർദ്ധിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റിൽ എത്തുന്നത്. ചൊവ്വാഴ്ച മാത്രം ഉപയോഗിച്ചത് 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.