KeralaNEWS

ഷാജൻ സ്‌കറിയ 10 കോടി നഷ്‌ടപരിഹാരം നൽകണമെന്ന്‌ യൂസഫലിയുടെ വക്കീൽ നോട്ടീസ്

ന്യൂഡൽഹി: മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയിൽ നിന്ന് പത്ത് കോടി രൂപ ന‌ഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എം എ യൂസഫ് അലി വക്കീൽ നോട്ടീസ് അയച്ചു.
സുപ്രീം കോടതി അഭിഭാഷകൻ നിഖിൽ റോത്തകി മുഖേനെയാണ് ലുലു ഗ്രൂപ്പ് ചെയർമാനും, മാനേജിങ് ഡയറക്‌ടറും ആയ എം എ യൂസഫ് അലി നോട്ടീസ് അയച്ചത്.മാർച്ച് ആറിന് മറുനാടൻ മലയാളിയുടെ യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോക്ക് എതിരെയാണ് വക്കീൽ നോട്ടീസ്.
ഏക സിവിൽ കോഡ്‌ ആവശ്യമാണെന്നാണ്  യുസഫ് അലിയും, ഷുക്കൂർ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയിൽ വ്യാജമായ കാര്യങ്ങളും, തന്റെ മത വിശ്വാസങ്ങൾ ഹനിക്കുന്ന കാര്യങ്ങളും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് കാട്ടിയാണ് വക്കീൽ നോട്ടീസ്.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുവെന്നും, അത് യൂസഫ് അലിക്കും, ലുലു ഗ്രൂപ്പിനും, അതിലെ തൊഴിലാളികൾക്കും പൊതു സമൂഹത്തിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയയെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിന് ഉള്ളിൽ പ്രമുഖ പത്ര, ഓൺലൈൻ മാധ്യമങ്ങളിൽ നിർവ്യാജം ഖേദം പ്രസിദ്ധീകരിക്കണം എന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറുനാടൻ മലയാളിയുടെ ഫെയ്‌സ്‌ബുക്ക് പേജിലും, യു ട്യൂബ് ചാനലിലും നിർവ്യാജം ഖേദം പ്രസിദ്ധീകരിക്കണം. ഇതിന് പുറമെയാണ് പത്ത് കോടി രൂപ നഷ്‌ടപരിഹാരം നൽകേണ്ടത്. ഇതിൽ വീഴ്ച്ച ഉണ്ടായാൽ സിവിൽ ആയും, ക്രിമിനൽ ആയും ഉള്ള നടപടികൾ ആരംഭിക്കുമെന്നും വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Back to top button
error: