ന്യൂഡെല്‍ഹി: ഐഎന്‍എക്സ് മീഡിയ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കര്‍ണാടകയിലെ കുടക് ജില്ലയിലെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടിയവയില്പെടുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനായ കാര്‍ത്തി തമിഴ്നാട് ശിവഗംഗയില്‍ നിന്നുള്ള എംപിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി ചിദംബരം ധനമന്ത്രിയായിരിക്കെ മാധ്യമ സ്ഥാപനത്തിലേക്ക് നിയമവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്.
നിയമവിരുദ്ധമായി ഐഎന്‍എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി പണം സ്വീകരിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഇ.ഡി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം തന്റെ കുടുംബത്തിനുനേരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് റെയ്ഡിനെ കുറിച്ച് കാര്‍ത്തി ചിദംബരം പ്രതികരിച്ചു.
ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റില്‍ പി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 2007 ല്‍ വിദേശത്തുനിന്നും നിയമവിരുദ്ധമായി 305 കോടി രൂപ സമാഹരിച്ചു എന്നാണ് കേസ്.