CrimeNEWS

അതിഖ് അഹമ്മദിന്റെ കൊലയാളികളെ സുരക്ഷാകാരണങ്ങളാല്‍ ജയില്‍ മാറ്റി

ലഖ്‌നൗ: ഗുണ്ടാത്തലവനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന അതിഖ് അഹമ്മദിനേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തിയ പ്രതികളെ സുരക്ഷാകാരണങ്ങളാൽ ജയിൽ മാറ്റി. ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ നൈനി ജയിലിൽ നിന്ന് പ്രതാപ്ഗർ ജയിലിലേക്കാണ് സണ്ണി സിങ്, അരുൺ മൗര്യ, ലവ്‌ലേഷ് തൊവാരി എന്നീ പ്രതികളെ വൻ പോലീസ് സുരക്ഷയോടെ മാറ്റിയത്.

ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം നൈനി ജയിലിൽ മൂന്ന് പ്രതികൾക്ക് നേരെയും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അടിയന്തരമായി ജയിൽ മാറ്റാനുള്ള നടപടികൾ അധികൃതർ പൂർത്തിയാക്കിയത്. അതിഖ് അഹമ്മദിന്റെ സംഘത്തെ ഇല്ലായ്മ ചെയ്ത് കുപ്രസിദ്ധി നേടാനുള്ള ശ്രമമാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം. പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Signature-ad

രണ്ട് മാസത്തിനുള്ളിൽ കൊലപാതകങ്ങൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണസംഘങ്ങളെ (എസ്‌ഐടി) ചുമതലപ്പെടുത്തുമെന്ന് പോലീസ് വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരാണെന്ന വ്യാജേനയെത്തിയാണ് പ്രതികൾ നിറയൊഴിച്ചത്. ഇവരുടെ പക്കൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ, മൈക്രോഫോൺ, ക്യാമറ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.

Back to top button
error: