ദില്ലി: പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ശമ്പളം പുതുക്കി നൽകി എയർ ഇന്ത്യ. ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ. ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് പുതിയ കളർ സ്കീമും ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യയ്ക്ക് ഉടൻ തന്നെ പുതിയ കളർ സ്കീമും ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനുകളും ക്രൂ അംഗങ്ങൾക്ക് പുതിയ യൂണിഫോമും ഉണ്ടാകുമെന്ന് സിഇഒ കാംബെൽ വിൽസൺ ജീവനക്കാരെ അറിയിച്ചു. 2023ൽ 4,200 ക്യാബിൻ ക്രൂവിനേയും 900 പൈലറ്റുമാരേയും റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി എയർ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
എയർ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കിയിട്ടുമുണ്ട് . ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക. യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകൾ പുതുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം യാത്രക്കാരുടെ താല്പര്യം മുൻനിർത്തി കൂടിയാണ് മെനുവിൽ മാറ്റം വരുത്തിയിരിക്കുന്നത്. രുചികരമായ മെയിൻ കോഴ്സുകൾക്കൊപ്പം മധുര പലഹാരങ്ങളും എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികമായി ലഭിക്കുന്ന വിവിധ ഭക്ഷണ ഇനങ്ങളും മെനുവിലുണ്ട്.
കൂടാതെ, എയർ ലൈൻ ബാർ മെനുവും പരിഷ്കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയർ ലാ കുവീ ബ്രൂട്ട് ഷാംപെയ്ൻ, ചാറ്റോ ഡി എൽ ഹെസ്ട്രേഞ്ച്, ലെസ് ഒലിവേഴ്സ്, ചാറ്റോ മിലോൺ, വടക്കൻ ഇറ്റലിയിലെ പീഡ്മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്നുള്ള വൈനുകൾ എന്നിവ പുതിയ മെനുളകിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ പാനീയങ്ങളുടെ മെനുവിൽ പ്രീമിയം ബ്രാൻഡുകളുടെ വിസ്കി, ജിൻ, വോഡ്ക, ബിയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ മെനു തയ്യാറാക്കുമ്പോൾ പ്രധാനമായും ശ്രദ്ധ നൽകിയത് അവയിൽ സ്വാദിഷ്ടമായ പോഷകസമൃദ്ധമായ വിഭവങ്ങൾ ഉള്കൊള്ളിക്കുക എന്നുള്ളതാണെന്ന് എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കഴിഞ്ഞ മാസം എയർ ഇന്ത്യ കടന്നിരുന്നു. ഇതിനായി വിവിധ ബാങ്കുകളിൽ നിന്നും ടാറ്റ ഗ്രൂപ്പ് ധന സമാഹരണം നടത്തിയിട്ടുണ്ട്.