കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലെത്തിയത്. ട്രെയിന്‍ ഇനി തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം.
യാത്ര പുറപ്പെട്ട് 50 മിനിറ്റുകൊണ്ട് കൊല്ലത്തെത്തിയ ട്രെയിന്‍, 7.28ന് കോട്ടയത്തും 8.28-ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും എത്തി. തൃശൂരില്‍ 9.37നും കോഴിക്കോട് 11.17നും എത്തി. ഉച്ചയ്ക്കു ശേഷം 2.30ഓടെ തിരുവനന്തപുരത്തേക്ക് മടങ്ങും.
കൊച്ചുവേളി യാര്‍ഡില്‍നിന്ന് പുലര്‍ച്ചെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിച്ചിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ് ഇല്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന് ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്ന് ട്രെയിനില്‍ കയറി. കോട്ടയം വഴിയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍.
ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിനു ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും.