മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിനെത്തിയ പതിനൊന്നുപേർ മഹാരാഷ്ട്രയിൽ സൂര്യാതപമേറ്റ് മരിച്ചു. നവി മുംബൈയിലെ ഖാർഗറിലെ മൈതാനത്തുനടന്ന മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാനച്ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തിയവരാണ് മരിച്ചത്. കടുത്ത വെയിലിൽ ഇവരെ മണിക്കൂറുകൾ ഇരുത്തിയതാണ് ഗുരുതര പ്രത്യാഘാതമുണ്ടാക്കിയതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.
അറുന്നൂറിലധികം പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. 50 പേർ ഗുരുതര പ്രശ്നങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.ഇനിയും മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റായ്ഗഢ് കലക്ടർ അറിയിച്ചു.
അതേസമയം മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.