IndiaNEWS

ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ന്ത്യയ്ക്ക് അഭിമാന നിമിഷമായിരുന്നു അത്. തെലുങ്കാനയിൽ ലോകത്തിലെ ഏറ്റവും വലിയ അംബേദ്ക്കർ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു
 175 അടിയാണ് പ്രതിമയുടെ ഉയരം.50 അടി അതിന്റെ അടിത്തറയാണ്. നമ്മുടെ പാർലമെന്റിന്റെ അടിത്തറയെ ഓർമിപ്പിക്കുന്നതാണ് ഇതിന്റെയും ബെയ്സ്. അതൊരു കാവ്യ നീതിയാണ്.
ഭരണഘടനാശിൽപ്പിക്ക് കാലം കാത്തുവച്ച  സമ്മാനം.
ഭാരതരത്ന ബാബാസാഹിബ് ഡോക്ടർ ബി ആർ അംബേദ്ക്കറിന്റെ (132 )ജന്മദിനത്തിൽ ലോകത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ട ഈ പ്രതിമയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.ഹുസൈൻ സാഗറിനടുത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.അംബേദ്ക്കറിന്റെ ജന്മദിനമായ ഏപ്രിൽ 14-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തെലുങ്കാന ദളിത് ബന്ധു എന്ന ഒരു വലിയ സ്കീം കൂടി ഇതിന്റെ ഭാഗമായി അവർ നടപ്പിലാക്കുന്നുണ്ട്.ഈ പരിപാടിയിലേക്ക്  പ്രധാനമന്ത്രിയെയും കൂട്ടരെയും ക്ഷണിച്ചിട്ടില്ല എന്നതുകൂടി ഓർക്കുമ്പോൾ നീലയുടെ രാഷ്ട്രീയം നമുക്ക് തെളിഞ്ഞു കിട്ടും. നോർത്തിന് സൗത്ത് ആണ് മറുപടി പറയാതെ പറയുന്നതുപോലെ.
 474 ടൺ ഭാരമുള്ള പ്രതിമയുടെ സ്ട്രക്ചർ  നിർമ്മാണത്തിനായി 360 ടൺ സ്റ്റൈൻലസ് സ്റ്റീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.  114 ടൺ വെങ്കലമാണ് കാസ്റ്റിംങ്ങിന് വേണ്ടിവന്നത്. പട്ടേലിന്റെ പ്രതിമ ഉണ്ടാക്കാനായി മെയ്ക്ക് ഇന്ത്യക്കാർ ചൈനയിൽ നിന്ന്  ഉരുക്ക് ഇറക്കുമതി ചെയ്തത് പോലുള്ള ദേശസ്നേഹം ഒന്നും ഇതിന്റെ നിർമ്മാണത്തിൽ ഇല്ല!
 നോയിഡയിൽ നിന്നുള്ള ലോകപ്രശസ്ത ശില്പി,98 വയസ്സുള്ള  റാം വഞ്ചി സുധാർ,  മകൻ 65 വയസുള്ള അനിൽ റാം എന്നിവർ ചേർന്നാണ് അംബേദ്കർ ശില്പം  നിർമ്മിച്ചത്.146.50 കോടിയാണ് നിർമ്മാണ ചെലവ്.
 പ്രതിമ നിലയുറപ്പിച്ച  ബെയ്സിൽ മൂന്ന് നിലകളുണ്ട്.26,258 sq ft ആണ് അടിത്തറ. അതിനകത്തു അംബേദ്കറുടെ ജീവിതവും ചരിത്രവും പറയുന്ന വിശാലമായ മ്യൂസിയം ഉണ്ട്. കൂടാതെ 100 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും. അവിടെ അംബേദ്കറുടെ ജീവിതം ഓഡിയോ വിഷ്വലായി നമുക്ക് കാണാം. ഉടനെ തന്നെ അവിടെ വിശാലമായ ഒരു ലൈബ്രറിയും ആരംഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
 11 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയം പച്ചപ്പുകൾ കൊണ്ടും സമൃദ്ധമാണ്.2.93 ഏക്കറിൽ പൂന്തോട്ടവും, മരങ്ങളും നട്ടു പിടിപ്പിച്ചിരിക്കുന്നു. 450 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യവുമുണ്ട്. അംബേദ്കർ പ്രതിമയുടെ കാൽപാദം വരെ എത്താൻ രണ്ട് ലിഫ്റ്റുകൾ ഉണ്ട്.
തെലുങ്കാനയിൽ പുതുതായി നിർമ്മിച്ച സെക്രട്ടേറിയേറ്റിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ആ സെക്രട്ടേറിയേറ്റ് കെട്ടിടത്തിനും അംബേദ്കർ മന്ദിരം എന്നാണ് നാമകരണം ചെയ്യാൻ ഉദ്ദേശിക്കുന്നതത്രേ!

Back to top button
error: