കോട്ടയം: താൻ അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്. പിന്നെ എന്തു കൊണ്ട് കെപിസിസി പ്രസിഡന്റിന് അങ്ങനെ തോന്നി എന്നറിയില്ലെന്ന് കെ.സി. ജോസഫ്. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം എന്നാണ് താൻ പറഞ്ഞത്. താൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി പരിഗണിച്ചു എന്നു കരുതുന്നു. അതുകൊണ്ടാണ് നാലു മാസം വിളിക്കാതിരുന്ന രാഷ്ട്രീയ കാര്യ സമിതി ചേരുന്നതെന്നും കെപിസിസി പ്രസിഡന്റ് പാംപ്ലാനി പിതാവിനെ കണ്ടതെന്നും കെ.സി. ജോസഫ് പറഞ്ഞു.
“കുത്തിതിരുപ്പ്” പരാമർശം പ്രസിഡന്റിന്റെ നാവു പിഴ ആയേ കാണുന്നുള്ളു. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും കെ.സി.ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് തലശ്ശേരി ബിഷപ്പിനെ സന്ദർശിച്ചിരുന്നു. ബിജെപി നീക്കത്തിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു. ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണ്. ബിഷപ്പുമായുള്ള ചർച്ച ആശാവഹം. ആർക്കും ആരെയും കാണാം. വളച്ചൊടിച്ചത് സി പി ഐ എം തന്ത്രമാണ്. ബിജെപിക്ക് സന്ദർശനം കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും കെ.സി. ജോസഫിൻ്റെ നിലപാട് അപക്വമാണെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.
റബർ വിലയിലെ ആവശ്യം കേന്ദ്ര സർക്കാരിനോട് പറയുന്നതിൽ തെറ്റില്ല. കർഷക പ്രശ്നങ്ങൾക്ക് കേന്ദ്രം പരിഹാരമുണ്ടാക്കിയില്ല. തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാൻ കോൺഗ്രസ്. കർദ്ദിനാൾ ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കാണും.