ബിഗ് ബോസ് മലയാളത്തിൽ വലിയ വഴിത്തിരിവുകൾക്ക് കളമൊരുക്കിയവരാണ് വൈൽഡ് കാർഡ് എൻട്രികൾ. ഫിറോസ് ഖാൻ, റിയാസ് എന്നിവർ അതിന് ഉദാഹരണം മാത്രം. സീസൺ അഞ്ചിൽ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാൻ ആയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ മറ്റ് മത്സരാർത്ഥികളിൽ അതൃപ്തി ഉളവാക്കി കൊണ്ട് എത്തിയ ഹനാൻ മികച്ച മത്സരാർത്ഥി ആകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, ഷോയിലെത്തി ഒരാഴ്ചയ്ക്ക് മുമ്പെ താരത്തിന് യാത്ര പറയേണ്ടി വന്നിരിക്കുകയാണ്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്നും മത്സരാർത്ഥിയുടെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടത്. വളരെ ഞെട്ടലോടെയാണ് മറ്റുള്ളവർ ഈ അറിയിപ്പ് കേട്ടത്.
‘എപ്പോൾ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് തിരിച്ച് വരാം, ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല, കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി. ഞങ്ങൾക്ക് മനസിലായി ശരിക്കും ശുശ്രൂഷിക്കണമെന്ന് തോന്നി. ഡ്രസ് ഒക്കെ കുറെ പേർ സ്പോൺസർ ചെയ്തതാണെന്നാണ് അവൾ പറഞ്ഞത്. അടുത്ത സീസണിൽ നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് ടൈറ്റിൽ വിന്നറാകാൻ സാധിക്കട്ടെയെന്നാണ് ഞാൻ ആശംസിക്കുന്നത്.എന്തൊക്കെ ചെലവും സ്വപ്നങ്ങളുമായിട്ടാണ് ഹനാൻ വന്നത്’, എന്നാണ് മനീഷ പറഞ്ഞത്.
ഷോയിൽ എത്തിയ നാൾ മുതൽ ഹനാനോട് ഏറെ അടുപ്പം കാണിച്ച ആളാണ് മനീഷ. അമ്മ എന്നായിരുന്നു ഹനാൻ അവരെ വിളിച്ചിരുന്നതും. ഹനാൻ താത്കലികമായാണ് പോയതെന്നും മടങ്ങി വന്നേക്കുമെന്നുമെന്ന് പറഞ്ഞ് റിനോഷ് മനീഷയെ ആശ്വസിപ്പിക്കുന്നുണ്ട്. ഈ ആഴ്ചയിലെ വീക്കിലി ടാസ്കിന് ശേഷം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഹനാൻ നേരിട്ടിരുന്നു. താൻ മാനസികമായി തളർന്നിരിക്കുകയാണെന്നും സമാധാനം വേണമെന്നും ഹനാൻ പറയുന്നുണ്ടായിരുന്നു. പലരും ഹനാനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിന് താരം നിന്നു കൊടുത്തില്ല. ഇന്നലെ ഭക്ഷണം കഴിക്കാനും ഹനാൻ വന്നിരുന്നില്ല. നോമിനേഷനിൽ തന്റെ പേര് പറയുന്നത് കേട്ട് കണ്ണീരോടെ കിടന്ന ഹനാനെയും ഷോയിൽ കാണാനായിരുന്നു. ഉച്ചയോടെ ക്ഷീണം കൂടിയ ഹനാനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയും പിന്നീട് മെഡിക്കൽ റൂമിലേക്ക് മാറ്റുകയുമായിരുന്നു.