SportsTRENDING

ഇത് അങ്ങനെ വിടാൻ പറ്റില്ലല്ലോ… പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ ഫുട്‌ബോള്‍ ഫെഡറേഷ​ന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ചും

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ സ്വീകരിച്ച നടപടിക്കെതിരെ അപ്പീൽ നൽകി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാൻ വുകോമനോവിച്ചും. ബ്ലാസ്റ്റേഴ്‌സിന് നാല് കോടിയും കോച്ച് ഇവാൻ വുകോമനോവിച്ചിന് 10 മത്സരങ്ങളി വിലക്കും അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചിരുന്നു. ക്ലബ്ബും പരിശീലകനും പരസ്യമായി ഖേദംപ്രകടിപ്പിച്ച ശേഷമാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. സുനിൽ ഛേത്രിയുടെ വിവാദ ഗോൾ റഫറി അനുവദിച്ചതിന് പിന്നാലെയായിരുന്നു മത്സരം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് താരങ്ങളെ പിൻവലിച്ചത്.

ഇവാനെ വിലക്കിയതിന് പിന്നാലെ സൂപ്പർ കപ്പിൽ പുതിയ കോച്ചിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഇവാന്റെ അസിസ്റ്റന്റായ ഫ്രാങ്ക് ഡോവെനാണ് ബ്ലാസ്‌റ്റേഴിനെ നിലവിൽ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് ബെൽജിയത്തിൽ നിന്ന് ഡോവെൻ ക്ലബിനൊപ്പം ചേരുന്നത്. ബെൽജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. ബെൽജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 52കാരനായ അദ്ദേഹം കെന്റ് ക്ലബിന് വേണ്ടിയും ദീർഘകാലം കളിച്ചു. 2008 മുതൽ പരിശീലകനായി കരിയർ ആരംഭിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പർകപ്പിൽ ടീമിന് മുതൽക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്.

Signature-ad

സൂപ്പർ കപ്പിലും ഇനി വരാനിരിക്കുന്ന ഡ്യൂറാൻഡ് കപ്പിലും വുകോമാനോവിച്ച് പരിശീലകനാവാൻ കഴിയില്ല. ഈ രണ്ട് ടൂർണമെന്റിലും ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയാൽ വരുന്ന ഐഎസ്എൽ സീസണിൽ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാം. വിലക്കിന് പിന്നാലെ മാപ്പ് പറയാൻ ക്ലബും കോച്ചും തയ്യാറായിരുന്നു. ”നോക്കൌട്ട് മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂർത്തിയാക്കാതെ കളം വിട്ടത് ദൌർഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികൾ. ഇനി അത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഫുട്ബോള് പ്രേമികൾക്ക് ഉറപ്പ് നൽകുന്നു.” ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ടീം വിശദമാക്കി.

Back to top button
error: