ചെന്നൈ: ഐപിഎല്ലിൽ സീസണിലെ നാലാം മത്സരത്തിന് ഇറങ്ങുകയാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസണിൻറെ രാജസ്ഥാൻ റോയൽസ്. എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗ് പരാജയമായിരുന്ന റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈക്കെതിരെ തൻറെ വെടിക്കെട്ട് വഴിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ച വീഡിയോയിൽ സഞ്ജുവിൻറെ തകർപ്പൻ പരിശീലന വീഡിയോ കാണാം. എത്ര നോ-ലുക്ക് സിക‌്‌സുകൾ നിങ്ങൾക്ക് എണ്ണാൻ കഴിയും എന്ന തലക്കെട്ടോടെയാണ് രാജസ്ഥാൻ റോയൽസിൻറെ ട്വീറ്റ്. വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
https://twitter.com/rajasthanroyals/status/1645853781089996801?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1645853781089996801%7Ctwgr%5E9be0d031cf9b4be3f71daede6b4d873ee88e93f8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frajasthanroyals%2Fstatus%2F1645853781089996801%3Fref_src%3Dtwsrc5Etfw
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് സിഎസ്‌കെ-റോയൽസ് മത്സരം തുടങ്ങുക. ഇന്ത്യയുടെ ഇതിഹാസ നായകൻ എം എസ് ധോണിയും സഞ്ജു സാംസണും നേർക്കുനേർ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബൗളർമാരുടെ അന്തകരാവുന്ന ഓപ്പണർമാർ ഇരുനിരയിലും ഉണ്ടെങ്കിലും കളിയുടെ ഗതി നിശ്ചയിക്കുക സ്‌പിന്നർമാരായിരിക്കും. സ്‌പിന്നർമാരെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചിൻറെ ചരിത്രം. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമുള്ള രാജസ്ഥാൻ റോയൽസ് പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ്. അതേസമയം മൂന്നിൽ രണ്ട് ജയം തന്നെയെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായ ചെന്നൈ സൂപ്പർ കിംഗ്‌സ് അഞ്ചാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് തോൽപിച്ചാണ് രാജസ്ഥാൻ റോയൽസ് വരുന്നത്. മത്സരത്തിൽ സഞ്ജു സാംസൺ പൂജ്യത്തിൽ പുറത്തായെങ്കിലും 31 പന്തിൽ 60 റൺസ് നേടിയ യശ്വസി ജയ്‌സ്വാളിൻറെയും 51 പന്തിൽ 79 നേടിയ ജോസ് ബട്‌ലറുടെയും 21 ബോളിൽ 39 അടിച്ചെടുത്ത ഷിമ്രോൻ ഹെറ്റ്‌മയറുടേയും 3 പന്തിൽ 8 നേടിയ ധ്രുവ് ജൂരലിൻറെയും കരുത്തിൽ രാജസ്ഥാൻ നാല് വിക്കറ്റിന് 199 റൺസ് നേടിയപ്പോൾ മൂന്ന് വിക്കറ്റ് വീതവുമായി ട്രെൻഡ് ബോൾട്ടും യുസ്‌വേന്ദ്ര ചാഹലും രണ്ട് പേരെ പുറത്താക്കി രവിചന്ദ്രൻ അശ്വിനും ഒരാളെ പറഞ്ഞയച്ച സന്ദീപ് ശർമ്മയും ഡൽഹിയെ 20 ഓവറിൽ 9 വിക്കറ്റിന് 142 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു.