കാലിഫോര്‍ണിയന്‍ പോലീസ് സ്റ്റേഷനില്‍ പുതിയൊരു തസ്കിക സൃഷ്ടിക്കപ്പെട്ടു ‘വെൽനസ് ഓഫീസര്‍.’ ഓഫീസര്‍ പോസ്റ്റില്‍ ഇരിക്കുന്നതാകട്ടെ ഒരു മുയല്‍. പെര്‍സി എന്നാണ് പുതിയ ഓഫീസറുടെ പേര്. യുബ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഭാഗമായ പെര്‍സിക്ക് ഇന്ന് സ്വന്തമായി പേനയും ഇരിപ്പിടവും ഉണ്ട്. പെര്‍സി ഏങ്ങനെയാണ് പോലീസ് സേനയുടെ ഭാഗമായതെന്ന് അറിയണ്ടേ?
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ സട്ടർ കൗണ്ടിയിലെ യുബ സിറ്റിയിൽ ഒരു കേസ് അന്വേഷണത്തിനിടെ ഓഫീസർ ആഷ്‌ലി കാർസണ് ഒറ്റപ്പെട്ട നിലയില്‍ ഒരു മുയലിനെ ലഭിച്ചു. അദ്ദേഹം അതിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് പെര്‍സിയെ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് പെര്‍സി വീണ്ടും യുബ സിറ്റി സ്റ്റേഷനിലേക്ക് തന്നെ തിരിച്ച് വന്നു. എന്നാല്‍ രണ്ടാം വരവ് വെറുതെയായില്ല. പെര്‍സിയെ യുബ സിറ്റി സ്റ്റേഷന്‍ ദത്തെടുത്തു. മാത്രമല്ല പുതിയൊരു പദവിയും നല്‍കി. ‘എല്ലാവർക്കും പിന്തുണ നൽകുന്ന മൃഗം’ എന്ന നിലയില്‍ അവള്‍ക്ക് ‘വെൽനസ് ഓഫീസര്‍’ എന്ന പദവിയാണ് നല്‍കിയത്.
സ്റ്റേഷന്‍ ജോലിയില്‍ സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ പോലീസുകാര്‍ക്ക് താലോലിക്കാനും അതുവഴി അവരുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനും സഹായിക്കുക എന്നാണ് പെര്‍സിയുടെ ജോലി. സ്വന്തം പേന, ഒരു സ്വകാര്യ തുരങ്കം, ഒരു ലെറ്റര്‍ ബോക്സ്, കുറച്ച് കളിപ്പാട്ടങ്ങള്‍ എന്നിവ പെര്‍സിക്ക് സ്വന്തമായുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പെര്‍സിയ്ക്ക് ‘വെൽനസ് ഓഫീസർ’ എന്ന പുതിയ പദവി ലഭിച്ചത്. പെര്‍സി ഇന്ന് യുബ സിറ്റി പോലീസിലെ ഒരംഗമാണ്. പോലീസുകാരുടെ സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് അവളുടെ ജോലി.