KeralaNEWS

സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ബിനോയ് വിശ്വം എംപി

ദില്ലി: സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ബിനോയ് വിശ്വം എംപി. സാങ്കേതികപരമായി ദേശീയ പദവി പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ ജനങ്ങളുടെ ചോരയിലും വിയർപ്പിലും കണ്ണീരിലും ആണ് സിപിഐ പടുത്തുയർത്തപ്പെട്ടത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ ദേശീയപാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം എം.പി.

മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചത്. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്. സി പി ഐ ആകട്ടെ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സി പി ഐ. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ഭരണം നയിക്കുന്ന പാർട്ടിയാണ്. എൻ സി പി യാകട്ടെ മഹാരാഷ്ട്രയിൽ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ ഷിൻഡെ – ബി ജെ പി സർക്കാർ അധികാരത്തിലേറിയതോടെ എൻ സി പി പ്രതിപക്ഷത്തായിരുന്നു.

Back to top button
error: