Movie

സംവിധായകൻ ജേസി വിടപറഞ്ഞിട്ട് ഇന്ന് 22 വർഷം

കാളിദാസ കലാകേന്ദ്രത്തിന്റെ നാടകവേദിയിലൂടെ ആർജ്ജിച്ച നടനപരിചയവുമായി വെള്ളിത്തിരയിലെത്തിയ ജേസി ഏഴു രാത്രികൾ, അടിമകൾ, കള്ളിച്ചെല്ലമ്മ, നിഴലാട്ടം, മാൻപേട, അള്ളാഹു അക്ബർ, രാത്രിവണ്ടി, എറണാകുളം ജംഗ്ഷൻ, അരനാഴികനേരം, ഭൂമിയിലെ മാലാഖ, ഗംഗാസംഗമം, കുട്ട്യേടത്തി, ഒരു സുന്ദരിയുടെ കഥ തുടങ്ങിയ അനശ്വര ചിത്രങ്ങളിലൂടെ ഒരു നടനെന്നനിലയിൽ തന്റെ അഭിനയമികവ് പ്രകടമാക്കിയ ശേഷമാണ് സംവിധാന മേഖലയിലേക്ക് ചുവടുമാറിയത്,

മലയാള ചലച്ചിത്രരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ.
1974ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ ജേസി ഒരു സംവിധായകൻ എന്ന നിലയിൽ തുടക്കം കുറിച്ചത് മലയാളത്തിന് പുതിയൊരു നടനെക്കൂടി സംഭാവന ചെയ്തുകൊണ്ടായിരുന്നു.
ജയൻ എന്ന പുതുമുഖത്തെ …
തുടർന്ന് അഗ്നിപുഷ്പം, സിന്ദൂരം, രാജാങ്കണം, ചന്ദനച്ചോല, നിഴൽ മൂടിയ നിറങ്ങൾ, വീട് ഒരു സ്വർഗ്ഗം, എതിരാളികൾ, ഒരിക്കൽ ഒരിടത്ത്, ആഗമനം,
ആരും അന്യരല്ല, ഏഴുനിറങ്ങൾ, തുറമുഖം,
രക്തമില്ലാത്ത മനുഷ്യൻ,
അവൾ വിശ്വസ്ഥയായിരുന്നു, പുഴ, പവിഴമുത്ത്, താറാവ്, രാജാങ്കണം,
ഒരു വിളിപ്പാടകലെ, ദൂരം അരികെ,നീയെത്ര ധന്യ, അകലങ്ങളിൽ അഭയം, അകലത്തെ അമ്പിളി, അടുക്കാൻ എന്തെളുപ്പം, ഇവിടെ എല്ലാവർക്കും, സരോവരം, സങ്കീർത്തനം പോലെ, പുറപ്പാട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജേസി കുടുംബ പ്രേക്ഷകടെ പ്രിയപ്പെട്ട സംവിധായകനായി തന്റേതായ ഒരു അധ്യായം എഴുതിച്ചേർത്തു. ജേസി സംവിധാനം ചെയ്ത ‘സിന്ദൂരം’ എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാട് ഗാനരചയിതാവായത്.
(ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെ അറിയാൻ…)
ഇദ്ദേഹം സംവിധാനം ചെയ്ത ഈറൻസന്ധ്യ എന്ന ചിത്രത്തിലൂടെയാണ്
ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്ത് ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത്.
മോഹപ്പക്ഷികൾ, കുതിരകൾ എന്നീ പരമ്പരകളിലൂടെ ടെലിവിഷൻ രംഗത്തും ജേസി തന്റേതായ കയ്യൊപ്പ് ചാർത്തി. ഇവയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു.
വെണ്ണ തോല്ക്കുമുടലോടെ
ഇളം വെണ്ണിലാവിൻ തളിർപോലെ
രാഗിണീ മനോഹാരാണീ
രാത്രി രാത്രി വിടരും
നീ അനുരാഗപുഷ്പിണി …
എന്ന മനോഹര ഗാനരംഗത്ത് അഭിനയിച്ച നടൻ എന്ന നിലയിൽ ജേസി പുതിയ തലമുറക്കാർക്കും യൂട്യൂബിലൂടെ സുപരിചിതനാണ്.
നടൻ എം.ജി.സോമനുമായി അഗാധമായ സൗഹൃദം പുലർത്തിയിരുന്ന ജേസി
സോമനെ നായകനാക്കി ധാരാളം ചിത്രങ്ങൾ അണിയിച്ചൊരുക്കി.
സോമന്റെ അപ്രതീക്ഷിത വിയോഗവാർത്ത അറിഞ്ഞ് തളർന്നുവീണ ജേസി പിന്നീട് ജീവിതാന്ത്യം വരെയും ശയ്യാവലംബിയായി തുടർന്നു എന്നതുതന്നെയാണ് അവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഘടകം.
സിനിമ പി.ആർ.ഒ യും സംവിധായകനുമായ ഏബ്രഹാം ലിങ്കൺ സഹോദരനാണ്.
2001 ഏപ്രിൽ 10ന് ജേസി അന്തരിച്ചു.

Back to top button
error: