മുംബൈ: സൽമാൻ ഖാൻ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാൻറെ’ പുതിയ ഗാനം കുറച്ച് ദിവസം മുൻപാണ് റിലീസായത്. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുങ്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ഗാനരംഗത്തുണ്ട്. ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും ഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു.
വിശാൽ ദദ്ലാനിയും പായൽ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സംഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഗാനത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. മുൻ ക്രിക്കറ്റ് താരവും കമൻറേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണനാണ് വിമർശനവുമായി രംഗത്ത് എത്തിയത്.
ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയാണ്. “ഒരു ക്ലാസിക്കൽ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യവും ദക്ഷിണേന്ത്യൻ സംസ്കാരത്തെ അപമാനിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു മുണ്ടാണ്”. ഇതിന് പിന്നാലെ എങ്ങനെയാണ് മുണ്ട് ഉടുക്കേണ്ടതെന്ന് കാണിക്കുന്ന ചിത്രവും ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വീറ്റ് ചെയ്തു.
This is highly ridiculous and degrading our South Indian culture. This is not a LUNGI , THIS IS A DHOTI. A classical outfit which is being shown in a DISGUSTING MANNER https://t.co/c9E0T2gf2d
— Laxman Sivaramakrishnan (@LaxmanSivarama1) April 8, 2023
ഇതിനൊപ്പം ഒരാൾ ഈ ഗാനത്തിൽ അമ്പലത്തിനുള്ളിൽ ഷൂസിട്ടാണോ കയറുന്നത് എന്ന് ചോദിക്കുന്നുണ്ട്. അതിനും ലക്ഷ്മൺ ശിവരാമകൃഷ്ണൻ മറുപടി നൽകുന്നുണ്ട്. ഇന്നത്തെക്കാലത്ത് പണത്തിന് വേണ്ടി എന്തും ചെയ്യും. ലുങ്കിയും മുണ്ടും തമ്മിലുള്ള വ്യത്യാസം പോലും അവർ നോക്കിയില്ല. സെറ്റാണെങ്കിലും ആ ആ സെറ്റ് ഒരു അമ്പലമായാണ് കാണിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടവർക്ക് അമ്പലത്തിൽ ഷൂ പാടില്ലെന്ന സാമന്യധാരണ വേണ്ടെ? ഇതൊക്കെ നിരോധിക്കാൻ സെൻസർ ബോർഡിനോട് പറയുന്നു – ലക്ഷ്മൺ ശിവരാമകൃഷ്ണൻ പറയുന്നു.
പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാൻറെ നായിക. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.